സ്‌കൂൾ ബസുകളിലെ ‘കുരുത്തക്കേടുകൾ’ അപകടത്തിന് വഴിവെക്കുന്നു
രാജീവ് വെള്ളിക്കോത്ത്
മനാമ : രാവിലെ സ്‌കൂൾ ബസിൽ കുട്ടികളെ കയറ്റിവിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്ന രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് ബഹ്‌റൈനിലെ ചില സ്‌കൂളിലെ കുട്ടികളുടെ ബസ് യാത്ര. കഴിഞ്ഞ ദിവസം വൈകീട്ട് ജുഫൈറിൽ െവച്ച് ബസിന്റെ ജനാല വഴി ശരീരം ഏറെക്കുറെ മുഴുവനും വെളിയിലിട്ടുകൊണ്ടായിരുന്നു ഒരു വിദ്യാർത്ഥി യാത്ര ചെയ്തത്. സ്‌കൂൾ ബസുകളിൽ അധികൃതർ നിഷ്കർഷിക്കുന്ന എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇത്തരം ചില സ്‌കൂൾ ബസുകൾ വിദ്യാർത്ഥികളെയും കൊണ്ട് പോകുന്നതെന്നുള്ള ഉദാഹരണമാണിത്.
പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ട് അനുസരണക്കേടുള്ള വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള പ്രവർത്തികൾ കാണിക്കുമെങ്കിലും അത് തടയുവാനോ പിന്തിരിപ്പിക്കാനോ നിയമിക്കപ്പെട്ടവർ ഇല്ലെന്നുള്ളതാണ് ഇത്തരം പ്രവർത്തികൾക്ക് വിദ്യാർത്ഥികൾക്ക് തുണയാകുന്നത്. സീനിയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും ഒരേ ബസിലാണ് പലപ്പോഴും യാത്ര ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ ‘വലിയേട്ടന്മാരു’ടെ കുരുത്തക്കേടുകൾ മുഴുവനും ചെറിയ ക്ലാസുകളിലെ കുട്ടികളും മാതൃകയാക്കുന്നു. അദ്ധ്യാപകരോ കെയർ ടേക്കർമാരോ ഇല്ലാത്ത ബസുകളിലാണ് കുട്ടികളുടെ വില്ലത്തരങ്ങൾ കൂടുതലും അരങ്ങേറുന്നത്. ഇവരെ നിയന്ത്രിക്കാൻ ബസ് ഡ്രൈവർമാർക്ക് ആവുകയുമില്ല. ചില സ്‌കൂൾ ബസുകളിൽ അദ്ധ്യാപകർ കയറുന്നതും ഇറങ്ങുന്നതും അടുത്ത സ്റ്റോപ്പുകളിലായിരിക്കും. അതുകൊണ്ട്തന്നെ രാവിലെ അദ്ധ്യാപകർക്ക് മുന്നെ വിദ്യാർത്ഥികളായിരിക്കും ബസിൽ കയറുന്നതും. ആ സമയത്താണ് ബസുകളിൽ സീനിയർ വിദ്യാർത്ഥികളുടെ സർക്കസ് അരങ്ങേറുന്നത്. അതുപോലെ വൈകീട്ട് ഉത്തരവാദിത്വപ്പെട്ടവർ ബസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞുള്ള സമയത്താണ് കുട്ടികളുടെ വിക്രിയകൾ. മറ്റ് വാഹങ്ങളിലേയ്ക്ക് കടലാസ് റോക്കറ്റുകളോ പഴത്തൊലിയോ മറ്റ് സാധനങ്ങളോ എറിയുക, കൈയും തലയും പുറത്തിട്ട് ഗോഷ്ടികൾ കാണിക്കുക തുടങ്ങിയവയെല്ലാമാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്.
ഇത് പലപ്പോഴും മറ്റ് വാഹങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രമല്ല അത് സ്‌കൂളിന്റെ യശസ്സിനെയും ബാധിക്കുന്ന ഘടകമാണ്. സ്‌കൂൾ ബസുകളിലെ ജനാലകൾ അടയ്ക്കാനും തുറക്കാനും കഴിയുന്നവയാണ്. ഈ സംവിധാനമാണ് കുട്ടികൾ ദുരുപയോഗപ്പെടുത്തുന്നത്. സ്വകാര്യ ഏജൻസികൾ ഏറ്റെടുത്തിരിക്കുന്ന കന്പനികളാവട്ടെ കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ കാര്യങ്ങളിൽ അത്രയൊന്നും ശ്രദ്ധ നൽകാറുമില്ല. ബസ് ഡ്രൈവർമാർക്കും ഇക്കാര്യത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ട്. സ്‌കൂൾ കുട്ടികളെ കയറ്റാൻ വേണ്ടി വീതി കുറഞ്ഞ റോഡുകളിൽ നിർത്തിയിട്ടാൽ പിന്നിൽ നിന്നുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ പ്രകോപിതരാകുന്നതും നിത്യ സംഭവമാണ്. ബസ് സ്റ്റോപ്പുകളിൽ ബസ് നിർത്തുന്പോൾ കുട്ടികൾക്ക് ഇറങ്ങി നടക്കാനും കയറാനുമുള്ള വീതി പലപ്പോഴും ഇല്ലാത്ത നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ട്.
സ്‌കൂൾ ബസുകളിൽ കുട്ടികളെ ശ്രദ്ധിക്കാൻ വേണ്ടി മാത്രം ജീവനക്കാരെ ഏൽപ്പിക്കുക എന്നത് വൻസാന്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന ഒന്നാണ്. ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിൽ സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കുക എന്നതും പ്രായോഗികമല്ല. സ്‌കൂൾ ഫീസ് വർദ്ധനവിനെതിരെയാണ് മന്ത്രാലയവും. സ്‌കൂൾ ബസുകളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിൽ മാതാപിതാക്കളും മുൻ കൈയ്യെടുക്കണമെന്ന് അദ്ധ്യാപകരും പറയുന്നു.

