മക്കൾ നല്ലവരാവണമെങ്കിൽ മാതാപിതാക്കളും നല്ലവരാകണം:- സിറാജുദ്ദീൻ ഖാസിമി
മനാമ: മക്കൾ നല്ലവരാവണമെങ്കിൽ മാതാപിതാക്കളും നല്ലവരാകണമെന്നും, സ്വയം നന്നാവാതെ മക്കളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും ഉസ്താദ് സിറാജുദ്ദീൻ ഖാസിമി അഭിപ്രായപ്പെട്ടു. സമസ്ത ബഹ്റൈൻ− ഗുദൈബിയ ഏരിയാ കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച ആറാം വാർഷിക മതപ്രഭാഷണ പരന്പരയിൽ ഖുർആനിലെ കുടുംബ ജീവിതം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഗുദൈബിയ മദ്രസ ദശവാർഷികാഘോഷത്തോടനുബന്ധിച്ച് (ഇല്മ്−1439) എന്ന ശീർഷകത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് പ്രഭാഷണ പരന്പര നടക്കുന്നത്.
പരിപാടിയുടെ ആദ്യ ദിനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും മത വിദ്യാഭ്യാസം നൽകുക എന്നതാണ് സമസ്തയുടെ മുഖ്യ ലക്ഷ്യമെന്നും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രത്യേക ക്ലാസുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും ബഹ്റൈനിലെ സമസ്ത നിർവ്വഹിക്കുന്നുണ്ടെന്നും തങ്ങൾ വ്യക്തമാക്കി. സയ്യിദ് ഫസൽ പൂകോയ തങ്ങൾ, കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ സാഹിബ് എന്നിവർ ആശംസകളർപ്പിച്ചു. മുഹമ്മദ് ഹനീൻ ഖിറാഅത്ത് നടത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് പുറപ്പെടുന്ന മദ്റസാ അദ്ധ്യാപകനും സമസ്ത ബഹ്റൈൻ സ്ഥാപക നേതാക്കളിലൊരാളുമായ അത്തിപ്പറ്റ സൈതലവി മൗലവിക്ക് ചടങ്ങിൽ ഉപഹാരം നൽകി. ഹാരിസ് മാട്ടൂൽ സ്വാഗതവും ഫിറോസ് അറഫ നന്ദിയും പറഞ്ഞു.

