പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ ഘടകം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ട മാതൃകയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഷറഫു വി.എം സ്വാഗതം ആശംസിച്ച ചടങ്ങിൽ എം.എഫ്. റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്ന് ഉപയോഗം വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ലഹരിക്കെതിരായ സർക്കാർ പോരാട്ടങ്ങൾക്ക് സമൂഹം പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
തുടർന്ന് സംസാരിച്ച സൈദലവി, ലഹരിയിൽനിന്ന് അകന്നുനിൽക്കുന്നതിനും ലഹരിമുക്ത ജീവിതം നയിക്കുന്നതിനും ഫോട്ടോഗ്രഫി പോലുള്ള സർഗാത്മക വിനോദങ്ങളിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മാനസിക നിരാശയിൽനിന്ന് ഉടലെടുക്കുന്ന മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾ ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നബീൽ നന്ദി രേഖപ്പെടുത്തി. ഓണാഘോഷത്തോടൊപ്പം ശക്തമായ ലഹരിവിരുദ്ധ സന്ദേശവും സമൂഹത്തിലേക്ക് എത്തിച്ച ഈ പരിപാടി, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായി മാറി.
awdad

