ബഹ്‌റൈനിൽ വൻ എണ്ണശേ­ഖരം കണ്ടെ­ത്തി­


മനാമ : രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഖലീജ് അൽ ബഹ്‌റൈൻ ബേസിനിൽ പുതിയ എണ്ണ, വാതക ശേഖരങ്ങൾ കണ്ടെത്തിയതായി ബഹ്‌റൈൻ ഗവൺമെന്റ് പ്രഖ്യാപിച്ചു. 1932ൽ ബഹ്‌റൈൻ എണ്ണപ്പാടത്തിൽ നിന്നും ഖനനം ആരംഭിച്ചത് മുതൽ കണ്ടെത്തിയതിൽ ഏറ്റവും വലിയ എണ്ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.

വളരെ വലിയ അളവിലുള്ള എണ്ണയും വാതക ശേഖരവും ഖനിയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ചെയർമാനായ ബഹ്‌റൈൻ നാച്വറൽ റിസോഴ്സസ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റിയാണ് എണ്ണശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം നടത്തിയത്. ബഹ്‌റൈൻ എണ്ണവകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ കണ്ടെത്തിയതോടെ, അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പെട്രോളിയം വ്യവസായമായി ബഹ്‌റൈൻ മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാഥമിക പഠനത്തിൽ പുതിയ കണ്ടെത്തൽ എണ്ണ, ഗ്യാസ് എന്നിവയുടെ ദീർഘകാല ഉൽപ്പാദനത്തെ സഹായിക്കുന്നതാണെന്ന് സർക്കാർ അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ, ബഹ്‌റൈന്റെ നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അഥോറിറ്റി (എൻ.ഒ.ജി.എ) പഠനങ്ങൾ നടത്തിവരികയാണെന്നും സർക്കാർ വ്യക്തമാക്കി. റിസർവോയർ ആന്റ് ടെസ്റ്റ് ഡാറ്റകൾ ഡിമാക് വിലയിരുത്തി റിപ്പോർട്ടുകൾ നൽകിയതായും എണ്ണ വ്യവസായത്തിന് പുതിയ അടിത്തറ പാകുന്ന പദ്ധതിയാണിതെന്നും ഒരു വക്താവ് പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രകൃതിവാതക സ്രോതസുകളുടെയും സാന്പത്തിക സുരക്ഷയുടെയും ഉന്നമനത്തിനും ഹമദ് രാജാവ് കൈക്കൊണ്ട നടപടികളുടെ തുടർച്ചയായാണ് ഈ കണ്ടെത്തൽ. ബഹ്‌റൈനിലെ എണ്ണപ്പാടങ്ങളിൽ പര്യവേക്ഷണം നടത്താൻ കഴിഞ്ഞ വർഷം കമ്മിറ്റി തീരുമാനിച്ചിരുന്നു. എണ്ണ മന്ത്രാലയം ബുധനാഴ്ച പത്രസമ്മേളനം നടത്തും. എണ്ണശേഖരം കണ്ടെത്തിയതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്ന് കരുതുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed