രക്ഷിതാക്കൾക്ക് കൈത്താങ്ങായി ഇൻഡക്സ് പുസ്തകവിതരണം
മനാമ : അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാർത്ഥികളുടെ പുസ്തക ചിലവുകളിൽ വലിയ ആശ്വാസമായി ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് ഇൻഡക്സ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഉപയോഗിച്ച പുസ്തകങ്ങളുടെ’ വിതരണം. വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച ബോക്സുകളിൽ നിന്നും ശേഖരിച്ച ഉപയോഗിച്ചു കഴിഞ്ഞ ടെക്സ്റ്റ് ബുക്കുകൾ ഇന്നലെയാണ് വിതരണം ചെയ്തത്. ഓരോ സ്കൂളുകൾക്കും പ്രത്യേകം പ്രത്യേകം കൗണ്ടർ ഉണ്ടാക്കിയാണ് ടെക്സ്റ്റ് ബുക്കുകൾ നൽകിയത്. കൂടാതെ വിദ്യാർത്ഥികൾക്കാവശ്യമായ പുതിയ ഗ്രാഫ് ബുക്കുകൾ, റൈറ്റിംഗ് പാഡുകൾ, നോട്ട് ബുക്കുകൾ േസ്റ്റഷനറി സാമഗ്രികൾ തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. വലിപ്പച്ചെറുപ്പമില്ലാതെ നിരവധി രക്ഷിതാക്കൾ മക്കളോടൊപ്പം പുസ്തകങ്ങൾ വാങ്ങാൻ വൈകീട്ട് 6 മണി മുതൽ എത്തിയിരുന്നു.
ഇൻഡകസ് സാമൂഹ്യ പ്രവർത്തകർക്കൊപ്പം ചില കുട്ടികളും പുസ്തകങ്ങൾ വേർതിരിക്കാനും വിതരണം ചെയ്യാനും തുടക്കം മുതൽ ഭാഗഭാക്കായത് സാമൂഹ്യ പ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയായി. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എം.പി രഘു, ഫ്രാൻസിസ് കൈതാരത്ത്, കെ.ടി സലിം, രാജീവ് വെള്ളിക്കോത്ത്, റഫീഖ് അബ്ദുല്ല, കെ.ആർ ഉണ്ണി, സേവി മാത്തുണ്ണി എന്നിവർ സംസാരിച്ചു. അജി ഭാസി, അനീഷ് വർഗ്ഗീസ്, അശോക് കുമാർ, നവീൻ ചേലക്കര, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികൻ, ചന്ദ്രബോസ്, ജമാൽ കുറ്റികാട്ടിൽ, ഫൈസൽ പാണ്ടാണ്ടി, തിരുപ്പതി, ശശികുമാർ എന്നിവർ നേതൃത്വം നൽകി. ഷക്കീൽ ട്രേഡിംഗ്, യു.എ.ഇ എക്സ്ചേഞ്ച്, ശ്യാം കൃഷ്ണൻ, ഓമൽ കുമാർ എന്നിവരായിരുന്നു മുഖ്യ പ്രായോജകർ.

