സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇന്ന് കലാശക്കൊട്ട്
മനാമ : ഒരു മാസം നീണ്ടു നിന്ന സി.ബി.എസ്.ഇയുടെ പത്താം തരാം പരീക്ഷകൾ ഇന്ന് സമാപിച്ചു.കണക്ക് പരീക്ഷയോടെ വലിയൊരു ശതമാനം വിദ്യാർത്ഥികളുടെയും പരീക്ഷ അവസാനിച്ചിരുന്നുവെങ്കിലും രണ്ടാം ഭാഷയായി ഫ്രഞ്ച്, സംസ്കൃതം എന്നീ വിഷയങ്ങൾ തിരഞ്ഞെടുത്തവരുടെ പരീക്ഷ ഇന്നാണ് കഴിഞ്ഞത്. അവസാന പരീക്ഷയായ ഫ്രഞ്ചും സംസ്കൃതവും പൊതുവെ എളുപ്പമായിരുന്നുവെന്ന് തന്നെയാണ് വിദ്യാർത്ഥികളുടെ പൊതുവെയുള്ള അഭിപ്രായം. ഇന്ത്യയിൽ തെലുങ്ക്, പെയിന്റിംഗ് എന്നീ വിഷയങ്ങൾ തിരഞ്ഞെടുത്തവരുടെ പരീക്ഷകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഒരു മാസം നീണ്ടുനിന്ന പത്താം തരം പരീക്ഷയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിദ്യാർത്ഥികളേക്കാൾ കൂടുതൽ സമ്മർദ്ദം അനുഭവിച്ചത് രക്ഷിതാക്കളാണ്. പ്രത്യേകിച്ച് പ്രവാസലോകത്തെ പ്രത്യേക സാഹചര്യങ്ങളിൽ മക്കളുടെ പരീക്ഷ കഴിയുന്നതോടെ രക്ഷിതാക്കളും ഒരു വഴിത്തിരിവിൽ എത്തിച്ചേരുന്ന സമയമാണ്. സാധാരണക്കാരായ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാന്പത്തിക ബാധ്യത ഉണ്ടാകുന്ന സമയമാണ് പത്താം ക്ലാസും തുടർ പഠനവും. പന്ത്രണ്ടാം ക്ലാസ് വരെ ബഹ്റൈനിൽ തുടരാനുള്ള സാഹചര്യം ഉണ്ടെങ്കിലും വലിയൊരു ശതമാനം രക്ഷിതാക്കളും പത്താം ക്ലാസ് കഴിയുന്നതോടെ തുടർ പഠനം നാട്ടിലാക്കാനാണ് ആഗ്രഹിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ ഉപരിപഠനത്തിന് ഇന്ത്യയിൽ വലിയ രീതിയിലുള്ള സാധ്യതകളാണുള്ളത്. അതിന് പ്ലസ് വൺ മുതൽക്കുള്ള പഠനം ഇന്ത്യയിൽ തന്നെയാണ് നല്ലതെന്ന കാഴ്ചപ്പാടാണ് രക്ഷിതാക്കൾക്കുള്ളത്. നീറ്റ് പരീക്ഷ പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കാനും അവരവരുടെ അഭിരുചിക്കിണങ്ങിയ തരത്തിലുള്ള ഉപരിപഠനങ്ങൾക്ക് അനുസൃതമായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും അനുയോജ്യമായ തരത്തിലുള്ള സ്ഥാപനങ്ങളും വിദ്യാഭ്യാസ വിദഗ്ദ്ധരും നാട്ടിൽ നിരവധി ഉണ്ടെന്നുള്ളതും പല രക്ഷിതാക്കളെയും നാട്ടിൽ മക്കളെ ചേർക്കുന്നതിന് നിർബന്ധിതരാകുന്നു.
അതേസമയം ബഹ്റൈനിലെ ജോലി കളഞ്ഞു കൊണ്ട് നാട്ടിലേയ്ക്ക് മക്കൾക്കൊപ്പം പോകാൻ നിർവ്വാഹമില്ലാത്ത രക്ഷിതാക്കൾ പലപ്പോഴും മക്കളെ ഹോസ്റ്റലുകളിൽ നിർത്താൻ നിർബന്ധിതരാകുന്നുമുണ്ട്. ഉപരിപഠനത്തിന് ബഹ്റൈനിൽ സാധ്യതകൾ ഇല്ലാത്തതാണ് പല രക്ഷിതാക്കളെയും ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്. 18 വയസ്സ് കഴിഞ്ഞാൽ റസിഡൻസ് വിസ ലഭിക്കുന്നില്ലെന്നതും നേരത്തെ തന്നെ നാട്ടിലേയ്ക്ക് പറിച്ചുനടാൻ കാരണമാകുന്നു. പ്രവാസലോകത്തെ കുട്ടികൾക്ക് നാട്ടിലെ കുട്ടികളുമായി ഇടപഴകി ഉപരി പഠന സമയമാകുന്പോഴേയ്ക്കും സമൂഹവുമായി ഒരു ബന്ധം സൂക്ഷിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും കൂടിയാണ് പത്താം ക്ലാസ് പഠനം കഴിഞ്ഞാൽ നാട്ടിലേയ്ക്ക് അയക്കുന്നതെന്ന് ചില രക്ഷിതാക്കൾ പറഞ്ഞു.
മലയാളം തന്നെ വില്ലൻ; കേരളാ സിലബസ് വേണമെന്ന് ആവശ്യം
ഗൾഫിലെ പഠനം കഴിഞ്ഞ് കേരളത്തിലേയ്ക്ക് മടങ്ങുന്ന പ്രവാസി കുട്ടികൾക്ക് ഏറ്റവും വലിയ വില്ലനാകുന്നത് മാതൃഭാഷയാണ്. കേരളത്തിൽ സി.ബി.എസ്.ഇ സിലബസ് സ്കൂളുകൾ നിരവധി ഉണ്ടെങ്കിലും പത്താം ക്ലാസ് കഴിഞ്ഞ് നാട്ടിൽ പോകുന്ന കുട്ടികൾക്ക് പലപ്പോഴും മികച്ച സ്കൂളുകളിൽ പ്രവേശനം അസാധ്യമാണ്. അതുകൊണ്ടു തന്നെ വലിയൊരു വിഭാഗത്തിനും േസ്റ്ററ്റ് സിലബസിലേയ്ക്ക് മാറേണ്ടിവരുന്നുണ്ട്. അവിടെയാണ് സ്വന്തം ഭാഷ വില്ലനാകുന്നത്. ഒന്നാം ക്ലാസ് തൊട്ട് പ്രവാസലോകത്ത് പഠിച്ച് വളർന്ന കേരളത്തിലെ കുട്ടികൾക്ക് പലർക്കും സ്വന്തം ഭാഷയിൽ പ്രാവീണ്യമില്ല.
രണ്ടാം ഭാഷയായി മലയാളം സ്വീകരിക്കാനുള്ള അവസരം ഉണ്ടെങ്കിലും വളരെ കുറച്ചു കുട്ടികൾ മാത്രമാണ് മാതൃഭാഷ സ്വീകരിക്കുന്നത്. അതു കൊണ്ട് തന്നെ കേരളത്തിൽ എത്തുന്ന പല കുട്ടികൾക്കും ബസ്സുകളുടെ പേര് പോലും വായിക്കാൻ അറിയാത്ത അവസ്ഥയുണ്ടാകുന്നുണ്ട്. വീടുകളിൽ പോലും മലയാളം സംസാരിക്കാത്ത മാതാപിതാക്കൾ ഉള്ളവർക്കാണ് നാട്ടിലുള്ള പഠനത്തിൽ ഭാഷ വില്ലനാവുക. നാട്ടിലെ കുട്ടികൾ വ്യാകരണങ്ങളും കവിതകളും അടക്കമുള്ളവ അനായാസം സ്വായത്തമാക്കിയപ്പോൾ മലയാളത്തൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പ്രവാസി കുട്ടികൾ പലപ്പോഴും അപഹാസ്യരാകുന്നുണ്ടെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് പല കുട്ടികളും നാട്ടിലേയ്ക്ക് പോകാൻ താൽപ്പര്യം കാണിക്കുന്നില്ല. ബഹ്റൈനിൽ കേരളാ സിലബസ് പ്രകാരമുള്ള സ്കൂളുകൾ തുറക്കുകയാണെങ്കിൽ വലിയൊരു വിഭാഗം കുട്ടികൾക്കും അത് ആശ്വാസമാകും. യു.എ.ഇ, ഖത്തർ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിൽ പ്രമുഖ സ്വകാര്യ സ്കൂളുകൾ കേരളാ സിലബസ് പ്രകാരമുള്ള വിദ്യാഭ്യാസം നൽകി വരുന്നുണ്ട്. ഈ സ്കൂളുകളിൽ മികച്ച വിജയമാണ് പ്രവാസി സ്കൂളുകൾ നേടുന്നതും. അത്തരം സ്കൂളുകൾ ബഹ്റൈനിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കേരളാ സർക്കാരിന്റെ ഭരണഭാഷ അടക്കം മലയാളത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. സർക്കാർ സർവ്വീസുകളിലേയ്ക്കുള്ള പരീക്ഷകൾ, സർക്കാർ സേവനങ്ങൾക്കുവേണ്ടിയുള്ള അപേക്ഷകൾ തുടങ്ങിയവയും മലയാളത്തിലേയ്ക്ക് മാറുന്പോൾ കേരളാ സിലബസ് പ്രകാരമുള്ള വിദ്യഭ്യാസം ബഹ്റൈൻ പ്രവാസികൾക്കും ലഭ്യമാകേണ്ടുന്നതിന്റെ ആവശ്യകതയിലേയ്ക്കാണ് രക്ഷിതാക്കൾ വിരൽ ചൂണ്ടുന്നത്.

