പൊതുജീവിതത്തിൽ സ്ത്രീകളുടെ പങ്ക് വലുതെന്ന് സബീക ബിൻത്
മനാമ : പൊതുജീവിതത്തിൽ വനിതകളുടെ പങ്കാളിത്തം ഉയർത്താനും തങ്ങളുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമദ് രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു) പ്രസിഡണ്ടുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ നോൺ റെസിഡന്റ് സ്വിസ് അംബാസിഡർ മായാ ടിസ്സാഫിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്.സി.ഡബ്ല്യുവുമായുള്ള സഹകരണത്തിനായി സ്വിറ്റ്സർലൻഡുമായുള്ള ധാരണാപത്രത്തിൽ പ്രിൻസസ് സബീക ഒപ്പ് വെച്ചു. വനിതാ ശാക്തീകരണത്തിന് പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ ഗ്ലോബൽ അവാർഡിലൂടെ യു.എന്നുമായും സഹകരിക്കാൻ ബഹ്‌റൈൻ തീരുമാനിച്ചതായും അവർ പറഞ്ഞു.
സ്വിറ്റ്സർലണ്ടുമായുള്ള സംയുക്ത ബന്ധം ബഹ്‌റൈനിലെ സ്ത്രീകൾക്ക് കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിനും ശാസ്ത്ര−സാങ്കേതിക മേഖലകളിൽ കൂടുതൽ നൂതനമായ കണ്ടുപിടുത്തങ്ങൾ നടത്താനും സഹായകമാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഫാമിലി കോർട്ട് പരിസരത്തെ സൗകര്യങ്ങൾ, മുഹറഖ് പോലീസ് പ്രൊട്ടക്ഷൻ ഓഫീസ്, ബഹ്‌റൈൻ വിമൻസ് കോംപെറ്റൻസ് ഡവലപ്മെന്റ് സെന്റർ (റിയാദ്) എന്നിവിടങ്ങളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള തന്റെ ഫീൽഡ് വിസിറ്റുകളെപ്പറ്റിയും അംബാസിഡർ പരാമർശിച്ചു.

