ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിൽ കഷ്ടാനുഭവ ആഴ്ച ആരാധനക്ക് തുടക്കമായി
മനാമ : ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിലെ കഷ്ടാനുഭവ ആഴ്ച ആരാധനക്കും പ്രാർത്ഥനകൾക്കും ഇന്നലെ ഓശാന ഞായറാഴ്ചയോടെ തുടക്കമായി. ഇന്നും നാളെയും എട്ട് മണിക്ക് സന്ധ്യാ ആരാധന നടക്കും. 28ന് ദേവാലയ പ്രതിഷ്ടാദിന ആരാധന − 7.30നും 29ന് ക്രിസ്തുവിന്റെ അന്ത്യത്താഴ ശിശ്രൂഷയെ അനുസ്മരിപ്പിക്കുന്ന പെസഹാ വ്യാഴാഴ്ച വിശുദ്ധ സംസർഗ്ഗ ശിശ്രൂഷ ആരാധന − 7.30നും നടക്കും. 30ന് ദു:ഖ വെള്ളിയാഴ്ച ക്രിസ്തുവിന്റെ ക്രൂശിലെ മൊഴികൾ രാവിലെ 9.30നും 31 ശനിയാഴ്ച ഈസ്റ്റർ ആരാധന − വൈകിട്ട് 7.30ന് മനാമ സെഗയ്യയിൽ സ്ഥിതി ചെയ്യുന്ന സി.എസ്്.ഐ ദേവാലയത്തിൽ വെച്ചും നടത്തപ്പെടും.
വിശിഷ്ടാതിഥിയായി എത്തിയ ചെന്നൈ ആസ്ഥാനമായ സി.എസ്.ഐ സഭാ സിനഡിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടർ റവ. സുനിൽ രാജ് ഫിലിപ്പും വികാരി റവ. ജയിംസ് ജോസഫിനൊപ്പം ഈ വർഷത്തെ ആരാധനയ്ക്ക് നേതൃത്വം നൽകും. ഈസ്റ്റർ വരെയുള്ള എല്ലാ ആരാധനകൾക്കും റവ. സുനിൽ രാജ് ഫിലിപ്പ് നേത്യത്വവും വചന ശിശ്രൂഷയും നൽകും. ഇംഗ്ലിഷ് സാഹിത്യത്തിലും വേദപുസ്തക ദൈവ(തിയോളജിയിൽ കമ്മ്യൂണിക്കേഷൻ)ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റവ. സുനിൽ രാജ് ഫിലിപ്പ് നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
നവമാധ്യമങ്ങൾ, സൈബർ ലോകം, അതിന്റെ ഗുണദോഷവശങ്ങൾ, അത് വിവിധ പ്രായത്തിലുള്ളവരിൽ മാനസ്സികമായും വ്യക്തിയുടെ സ്വഭാവത്തിലും വരുത്തുന്ന മാറ്റങ്ങൾ, അതിനെ എങ്ങനെ ഗുണപരമായി ഉപയോഗിക്കാം തുടങ്ങിയ വിഷങ്ങളിൽ പ്രത്യേക ചർച്ചക്കും റവ. സുനിൽ രാജ് ഫിലിപ്പ് നേതൃത്വം നൽകും എന്ന് സഭാ മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി റെനി ജോൺ അറിയിച്ചു.

