81 ശതമാനം വാഹനാപകടങ്ങൾക്കും കാരണം പുരുഷന്മാരെന്ന് ഔദ്യോഗിക കണക്ക്
മനാമ : രാജ്യത്ത് വാഹനാപകടങ്ങൾ ഉണ്ടാക്കുന്നതിൽ മുന്പന്മാർ പുരുഷന്മാരാണെന്ന് കണക്കുകൾ തെളിയിക്കുന്നു. 81 ശതമാനം വാഹനാപകടങ്ങൾക്കും പിന്നിൽ മുഖ്യ പങ്ക് വഹിക്കുന്നത് പുരുഷന്മാരാണെന്നാണ് ട്രാഫിക് ജനറൽ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഒസാമ ബാഹർ അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് പെൺകുട്ടികൾക്ക് മുന്നിൽ അഭ്യാസം കാണിക്കുന്നതിനിടയിലാണ് 61 ശതമാനം വാഹനാപകടങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സതേൺ മുനിസിപ്പൽ കൗൺസിലിൽ ചേർന്ന വാരാന്ത്യ യോഗത്തിലാണ് ഈ വിവരങ്ങൾ ഒസാമ ബാഹർ പുറത്തുവിട്ടത്. പലരും ഗതാഗത നിയമങ്ങൾ അനുസരിച്ചല്ല വാഹനമോടിക്കുന്നതെന്നും, അതിനാലാണ് ഇത്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനങ്ങൾ അമിത വേഗത്തിൽ ഓടിച്ചും, മറ്റുള്ളവരെ ആകർഷിക്കുവാനുമായി നടത്തുന്ന പ്രവർത്തനങ്ങളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. മൊത്തത്തിൽ കഴിഞ്ഞ വർഷം 6,86,622 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ അടുത്ത വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സതേൺ ഗവണറേറ്റിൽ അമിത വേഗത്തിൽ വന്ന് ചുവപ്പ് സിഗ്നൽ മറികടന്നതിനാൽ 839 വാപനാപകടങ്ങളും, 29 മരണങ്ങളും ഉണ്ടായിട്ടുണ്ട്.

