ശുഹൈബ് വധക്കേസ് പ്രതിക്ക് ജയിലിൽ വഴിവിട്ട സഹായമെന്ന് ആക്ഷേപം
കണ്ണൂർ : കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട സഹായം നൽകുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. കൂത്തുപറന്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകൽ സമയം മുഴുവൻ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയെന്നും കെ.സുധാകരൻ പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ പ്രതികളെ പാർപ്പിച്ചിട്ടുള്ള സെൽ പൂട്ടാറില്ലെന്നുംസുധാകരൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച പരാതി ഡി.ജി.പിക്ക് നൽകിയതായും സുധാകരൻ അറിയിച്ചു. യുവതിയ്ക്ക് കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസങ്ങളിൽ പലതവണയായി അവസരം നൽകി. ആകാശ് തില്ലങ്കേരിയടക്കമുള്ളവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സുധാകരൻ പറഞ്ഞു.
കേസിൽ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികൾ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലാണ് കഴിയുന്നത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും അധികാരത്തിന്റെ എല്ലാ തണലിലുമാണ് പ്രതികൾ ജയിലിൽ കഴിയുന്നതെന്നും സു ധാകരൻ ആരോപിക്കുന്നു.

