ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീം ക്യാമ്പിൽ ഗോൾകീപ്പറായി ഏയ്ഞ്ചൽ ജോബി; ചരിത്രനേട്ടവുമായി മലയാളി പെൺകുട്ടി
പ്രദീപ് പുറവങ്കര
മനാമ: ഫുട്ബോളിനോടുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീം ക്യാമ്പിൽ ഗോൾകീപ്പറായി ഇടംനേടി ഏയ്ഞ്ചൽ ജോബി. ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി പെൺകുട്ടിയെന്ന ചരിത്രനേട്ടവും ഏയ്ഞ്ചൽ സ്വന്തമാക്കി.
തിരുവല്ല സ്വദേശികളായ ജോബി മാത്യുവിന്റെയും പ്രിയ ജേക്കബിന്റെയും മകളായ ഏയ്ഞ്ചൽ, ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ ഇവാൻ ജോബിയോടൊപ്പം ഗ്രോ ഫുട്ബോൾ അക്കാദമിയിൽ എത്തിയതാണ് ഏയ്ഞ്ചലിന്റെ കായികജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ രണ്ടു വർഷമായി ഗ്രോ അക്കാദമിയിൽ നടത്തുന്ന വിദഗ്ധ പരിശീലനമാണ് ഏയ്ഞ്ചലിനെ ഈ നേട്ടത്തിലെത്തിച്ചത്. ഭാവിയിൽ മികച്ചൊരു ഗോൾകീപ്പറായി ബഹ്റൈനെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുകയാണ് ഈ കൊച്ചുമിടുക്കിയുടെ സ്വപ്നം.

