നടപടി­കൾ പൂ­ർ­ത്തി­യാ­യി­ : തി­ലകന്റെ­ മൃ­തദേ­ഹം ഇന്ന് നാ­ട്ടി­ലേ­ക്ക് കൊ­ണ്ടു­പോ­കും


മനാമ : കഴിഞ്ഞ ഫെബ്രുവരി 28ന് ഹിദ്ദിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫുട്ബോൾ കോച്ച് തിലകന്റെ മൃതദേഹം എല്ലാ നിയമനടപടികളും പൂർത്തിയാക്കി ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഇന്ത്യൻ എംബസി, ബഹ്‌റൈൻ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലു മുതൽ കാണാതായ തിലകന്റെ മൃതദേഹമാണ് 24 ദിവസത്തിനു ശേഷം ഹിദ്ദ് പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും പോലീസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ തൂങ്ങി മരിച്ചതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ദിവസങ്ങൾ നീണ്ട ദുരൂഹതകൾക്ക് വിരാമമായത്. അതിനിടെ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കണ്ണൂർ എക്സ്‌പാറ്റ്‌സ് ഭാരവാഹി നജീബ് കടലായി തുടങ്ങിയവർ തിലകന്റെ കണ്ണൂരിലെ വസതിയിലെത്തുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. 

മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന ആവശ്യം മാത്രമാണ് വീട്ടുകാർ ഉന്നയിച്ചത്. തുടർന്ന് ഇന്ത്യൻ എംബസിയിലും മന്ത്രാലയത്തിലും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ എല്ലാ നടപടികളും പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലയക്കാനുള്ള അനുവാദം ലഭിച്ചതോടെ വീട്ടുകാരുടെയും നാട്ടുകാരുടെയും ആശങ്കകൾക്ക് വിരാമമായി. ഇന്ന് ഉച്ചയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ മൃതദേഹം നാട്ടിലേയ്ക്ക് അയക്കും. ഇന്നലെ രാത്രി 8 മണിക്ക് സൽമാനിയ ആശുപത്രി മോർച്ചറിയിൽ മൃതദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് മൃതദേഹം വിമാനത്താവളത്തിലേയ്ക്ക് കൊണ്ടുപോകും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed