വേ­നൽ­ക്കാ­ലമെ­ത്തി : സ്വി­മ്മിംഗ് പൂൾ പാ­ർ­ട്ടി­കൾ അപകടം ക്ഷണി­ച്ചു­ വരു­ത്തു­ന്നു­


മനാമ : വേനൽക്കാലമായതോടെ പലയിടത്തും സ്വിമ്മിംഗ് പൂൾ പാർട്ടികൾ ആരംഭിച്ചത് പല തരത്തിലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതായി പരാതി. സ്വിമ്മിംഗ് പൂളുകളിൽ വേണ്ടുന്ന സുരക്ഷാ മാനദണ്ധങ്ങൾ പാലിക്കാത്തതാണ് പൂൾ അപകടങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം. കഴിഞ്ഞ വർഷം നിരവധി പേരാണ് സ്വിമ്മിംഗ് പൂൾ പാർട്ടിക്കിടയിൽ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്വദേശി ബാലനും പൂളിൽ വീണു മരിച്ചതോടെ സ്വിമ്മിംഗ് പൂളിൽ വെച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണപ്പെടുന്നതിൽ ഇരുപത് ശതമാനവും 14 വയസിന് താഴെ പ്രായമുള്ളവരാണെന്നാണ് സൂചിപ്പിക്കുന്നത്.

സ്വിമ്മിംഗ് പൂളുകളിൽ മാത്രമല്ല, വാട്ടർ തീം പാർക്കുകളിലും ഇത്തരം അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഭൂരിഭാഗം അപകടങ്ങളിലും പരിക്കുകൾ സംഭവിക്കുന്നത് തലയ്ക്കാണ്. ഇത് കാരണം ജീവൻ നഷ്ടമായില്ലെങ്കിലും, പാതി മരണം പലപ്പോഴും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പൂൾ പാർട്ടിക്കിടയിൽ മൊബൈൽ ഫോണിലൂടെ സംസാരിച്ചു നടന്ന തമിഴ്നാട് സ്വദേശി മരിച്ചതും ഇത്തരം പാർട്ടികൾക്കിടയിൽ തന്നെയാണ്. രാജ്യത്ത് ഹോട്ടലുകളുടെ ഭാഗമായും അല്ലാതെയും വില്ലകളിലും മറ്റും നിരവധി സ്വിമ്മിംഗ് പൂളുകൾ ഉണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും അധികൃതർ അനുശാസിക്കുന്ന മാനദണ്ധങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസം ഹമദ് ടൗണിലെ ടാർ അൽ കുലൈബിൽ സ്വദേശി ബാലൻ പൂളിൽ വീണു മരിച്ചതും ഇത്തരത്തിലുള്ള യാതൊരു സുരക്ഷയും ഒരുക്കാതിരുന്ന സ്വിമ്മിംഗ് പൂളിലാണ്. സ്വന്തം വീടുകളിലെ പൂളുകളിൽ സുരക്ഷ ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്വം വീട്ടുകാർക്കാണെങ്കിലും പൊതു പൂളുകളുടെ  ഉത്തരവാദിത്വം അതിന്റെ നടത്തിപ്പുകാർക്കാണ്. നീന്തൽ പരിശീലനങ്ങൾക്കും പാർട്ടികൾക്കും വേണ്ടി സ്വകാര്യ പൂളുകൾ വാടകയ്‌ക്കെടുത്താണ് നടത്തുന്നത്. ഇങ്ങനെ മണിക്കൂർ കണക്കിൽ വാടകയ്ക്ക് എടുക്കുന്പോൾ ആ പൂളിന്റെ സുരക്ഷാ മാനദണ്ധങ്ങൾ നീന്തൽ പഠിപ്പിക്കാൻ ഒരുങ്ങുന്നവർ മനസ്സിലാക്കേണ്ടതും, പാലിക്കേണ്ടതുമാണ്.

അതുപോലെ തന്നെയാണ് പൂളിന്റെ ശുചിത്വം. പൂളിനോടൊപ്പം തന്നെ പൂളിന്റെ ഓരത്തുള്ള ടൈലുകൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. വെള്ളത്തിൽ നിന്ന് ഇറങ്ങിവരുന്പോൾ തന്നെ വഴുതി വീഴാനുള്ള സാധ്യതകൾ ഇവിടെയുണ്ട്. ആ രീതിയിൽ തലയടിച്ചു വീണുപോയാൽ ജീവൻ പോലും നഷ്ടമാകാനും സാധ്യതയുണ്ട്. മദ്യപിച്ച് സ്വിമ്മിംഗ് പൂളിൽ നീന്താനൊരുങ്ങുന്നതും ആശാസ്യമായ കാര്യമല്ല. ആൽക്കഹോളിന്റെ അമിതമായ ഉപയോഗം പലപ്പോഴും നീന്താനുള്ള കെൽപ്പ് നൽകാതെ വരും. അത് മുങ്ങിമരണം മുതൽക്കുള്ള അപകടങ്ങളും ക്ഷണിച്ചുവരുത്തും. കഴിഞ്ഞ ദിവസം സ്വദേശി ബാലന്റെ മരണത്തിനിടയാക്കിയ സ്വിമ്മിംഗ് പൂൾ മുനിസിപ്പൽ അധികൃതർ എസ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചു നീക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed