ഫേസ്ബുക്കിന് തെറ്റുപറ്റിയതായി സുക്കർബർഗിന്റെ കുറ്റസമ്മതം
ന്യൂയോർക്ക് : ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് മാപ്പ് പറഞ്ഞു. തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഇനി അത്തരത്തിലൊരു പിഴവ് ഉണ്ടാവില്ലെന്നും സുക്കർബർഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് സ്ഥാപകൻ എന്ന നിലയിൽ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസവഞ്ചനയുണ്ടായതായും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുകയെന്നത് ഫേസ്ബുക്കിന്റെ ഉത്തരവാദിത്വമാണ്. അതിന് കഴിയാതെ വന്നാൽ നിങ്ങളെ സേവിക്കാൻ ഞങ്ങൾക്ക് അർഹതയില്ലെന്നാണ് കരുതേണ്ടതെന്നും സുക്കർബർഗ് പറഞ്ഞു. ഇപ്പോൾ സംഭവിച്ചത് വലിയൊരു പിഴവാണ്. ഇനി അത്തരമൊരു പിഴവ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു. 2014ൽ സുപ്രധാനമായ ചില നടപടികൾ തങ്ങൾ എടുത്തിരുന്നു. എന്നാൽ, അത് നിലവിൽ വരാൻ ഒരു കൊല്ലം എടുത്തുവെന്നും അതുകൊണ്ടാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങൾക്ക് സ്വകാര്യ ഡേറ്റയിലേയ്ക്ക് നുഴഞ്ഞു കയറാനായതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫേസ്ബുക്കിലെ 50 മില്യൺ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതാണ് വിവാദങ്ങൾക്കിടയാക്കിയത്. 2016ൽ അമേരിക്കയിൽ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിനിടെ ഫേസ്ബുക്കിലെ വിവരങ്ങൾ ചോർത്തിയെന്നാണ് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് സുക്കർബർഗിനോട് കോൺഗ്രസിന് മുൻപാകെ ഹാജരാകാൻ ഡെമോക്രാറ്റിക് സെനറ്റർ എയ്മി ക്ലോബുചർ, റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡി എന്നിവർ നിർദേശിച്ചു. ഗൂഗിൾ, ട്വിറ്റർ എന്നിവയുടെ സി.ഇ.ഒ.മാരും ഹാജരാകണമെന്ന് ഇവർ പറഞ്ഞു.

