പരിക്കേറ്റുവെന്ന വ്യാജേന പണം തട്ടുന്നതായി പരാതി
മനാമ : വാഹനം തട്ടി പരിക്കേറ്റതായി അഭിനയിച്ച് ഡ്രൈവർമാരിൽ നിന്നും പണം പിടുങ്ങുന്നതായി പരാതി. മനാമയിലും ഹൂറയിലുമാണ് സിഗ്നലുകൾക്ക് സമീപം വാഹനങ്ങൾ സാവധാനം സഞ്ചരിക്കുന്ന റോഡുകളിലാണ് അപ്രതീക്ഷിതമായി റോഡിന് കുറുകെ ചാടി വാഹനം മുട്ടിയതായി അഭിനയിച്ച് പണം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മനാമ അൽഫാത്തെ മോസ്ക്കിന് സമീപത്ത് െവച്ച് നന്തി സ്വദേശി ഫൈസലിനെയാണ് ഇപ്രകാരം പാക്കിസ്ഥാനി സ്വദേശി എന്ന് സംശയിക്കുന്ന ഒരാൾ കബളിപ്പിച്ചത്.
റോഡിൽ കൂടി നടക്കുന്പോൾ ഫൈസലിന്റെ വാഹനത്തിന്റെ ടയർ തന്റെ കാലിൽ കയറി എന്ന് പറഞ്ഞ് കരയുകയും ആശുപത്രിയിൽ പോകണമെന്നുമാണ് വാഹനം തടഞ്ഞ് നിർത്തി ഇയാൾ ആവശ്യപ്പെട്ടത്. അന്പത് ദിനാർ ആവശ്യപ്പെട്ട് ബഹളം വെയ്ക്കാൻ തുടങ്ങിയതോടെ ജോലിക്ക് പോകുന്ന തിരക്കിനാൽ അങ്ങിനെ സംഭവിച്ചതാകാം എന്ന് സംശയിച്ച ഫൈസൽ ഇരുപത് ദിനാർ കൊടുക്കുകയും ബാക്കി ആശുപത്രിയിലെത്തി തരാമെന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് നിന്നും മാറി മറ്റൊരു വാഹനം തടഞ്ഞ് നിർത്തി ഇതേ വ്യക്തി പണം ആവശ്യപ്പെടുന്നത് ഫൈസൽ കാണാനിടയായതോടെയാണ് ഇത് കബളിപ്പിക്കുന്നതാണെന്ന കാര്യം മനസ്സിലായത്. തുടർന്ന് ഉടൻതന്നെ ഇക്കാര്യത്തിൽ ഇടപെട്ടപ്പോൾ പരിക്കേറ്റ വ്യക്തി ഓടി മറയുകയായിരുന്നുവത്രെ. സംഭവം പോലീസിൽ പരാതിപ്പെടാനിരിക്കയാണ് ഫൈസൽ. ഇനിയൊരാൾക്കും ഇത്തരത്തിലുള്ള അബദ്ധം സംഭവിക്കരുതെന്നും ഫൈസൽ പറയുന്നു.

