സർ‍­ക്കാ­രിന് തി­രി­ച്ചടി­ : ഷു­ഹൈബ് വധക്കേസ് സി­.ബി­.ഐയ്ക്ക്


കൊച്ചി : യൂത്ത് കോൺ‍ഗ്രസ് പ്രവർ‍ത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. ഷുഹൈബിന്‍റെ കുടുംബം നൽ‍കിയ ഹർ‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങൾ‍ കൈമാറണമെന്നും ഹൈക്കോടതി വിധിയിൽ‍ പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ട് 20 ദിവസം പിന്നിടുന്പോഴാണ് കേസിൽ‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

സർ‍ക്കാരിന് കനത്ത തിരിച്ചടി നൽ‍കിക്കൊണ്ടുള്ള വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. രാവിലെ ഹർ‍ജി പരിഗണിച്ചപ്പോൾ‍ തന്നെ കടുത്ത പരാമർ‍ശങ്ങളാണ് ഹൈക്കോടതിയിൽ‍ നിന്നുമുണ്ടായത്. കേസിൽ‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ‍ അവസാനിപ്പിക്കാൻ ചെറുവിരലെങ്കിലും അനക്കാൻ സർ‍ക്കാരിന് സാധിക്കുമോയെന്നും ചോദിച്ചു. 

അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയിരിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചന അന്വേഷിക്കപ്പെടണം. കൊലയ്ക്കു പിന്നിൽ‍ ആളുകളുണ്ട്. മറയ്ക്കു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണം. കൊല നടന്ന് ദിവസങ്ങൾ‍ കഴിഞ്ഞാണ് പ്രതികൾ‍ പിടിയിലാകുന്നതും ആയുധങ്ങൾ‍ കണ്ടെടുക്കുന്നതും. യു.എ.പി.എ ചുമത്തേണ്ട കേസാണിത്. കൊലയ്ക്കു മുന്‍പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഷുഹൈബിനെതിരെ കൊലവിളി നടന്നിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ഷുഹൈബ് വധക്കേസിൽ‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സർ‍ക്കാർ‍ കോടതിയിൽ‍ സ്വീകരിച്ചത്. രാവിലെ ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിയും നിയമസഭയിൽ‍ സ്വീകരിച്ചത്. പോലീസ് കേസ് തെളിയിച്ച് കഴിഞ്ഞെന്നും പ്രതികൾ എല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും ആയുധങ്ങൾ‍ കണ്ടെടുത്തെന്നും മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു. ഇതേ കാര്യങ്ങളാണ് സർ‍ക്കാർ‍ അഭിഭാഷകനും ഹൈക്കോടതിയിൽ‍ പറഞ്ഞത്. 

അതേസമയം സി.ബി.ഐയെ കാണിച്ച് സി.പി.എമ്മിനെ വിരട്ടാമെന്ന് വലതുപക്ഷ രാഷ്ട്രീയ സംഘടനകളും അവർക്ക് ഓശാന പാടുന്ന മാധ്യമങ്ങളും വിചാരിക്കേണ്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാൻ. ഷുഹൈബിന്റെ കൊലപാതകത്തിൽ സി.പി.എമ്മിന് യാതൊന്നും മറച്ചുവയ്ക്കാനില്ല. അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സി.പി.എം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed