മികവിന്റെ പ്രവർത്തന വർഷം; ബി.കെ.എസ് കമ്മിറ്റി ഫിനാലെ മാർച്ച് 9ന്


മനാമ: ബഹ്‌റൈൻ കേരളീയ സമാജം എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഗ്രാൻഡ് ഫിനാലെ മാർച്ച് 9ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം 6 മണിക്ക് വിപുലമായ പരിപാടികളോടെ സമാജം ഡയമണ്ട് ഹാളിൽ െവച്ച് നടക്കുമെന്ന് ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫിനാലെയുടെ ഭാഗമായി അനശ്വര സംഗീത പ്രതിഭ ദേവരാജൻ മാഷിന്റെ പാട്ടുകൾ കോർ‍ത്തിണക്കി കൊണ്ടുള്ള ‘ദേവരാഗങ്ങൾ’ സംഗീതനിശ അരങ്ങേറും. പ്രശസ്ത സംഗീത സംവിധായകൻ‍ എം. ജയചന്ദ്രൻ നയിക്കുന്ന ഈ സംഗീത വിരുന്നിൽ‍ മലയാളത്തിലെ പ്രിയ ഗായകരായ ശ്രീറാം, സുദീപ്, മൃദുല വാരിയർ, രാജലക്ഷ്മി, നിഷാദ് തുടങ്ങിയവരും പങ്കെടുക്കുന്നു. എം. ജയചന്ദ്രന്റെ നേതൃത്വത്തിൽ 16ഓളം കലാകാരന്മാരാണ് ഇതിനായി ബഹ്‌റൈനിൽ എത്തിച്ചേരുന്നത്. 

വലുതും ചെറുതുമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചതിലൂടെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സംഭവബഹുലമായ പ്രവർത്തനവർഷമായിരുന്നു കടന്നുപോയതെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പറഞ്ഞു.

ആദ്യമായി വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിയ്ക്കുകയും സമാജത്തിൽ ക്രിക്കറ്റ് അടക്കമുള്ള ടൂർണ്ണമെന്റുകൾ നടത്തുന്നതിനാവശ്യമായ ഫ്ളഡ്ലൈറ്റ് സ്ഥാപിക്കുകയും ചെയ്തത് ഈ വർഷത്തെ നേട്ടങ്ങളിൽ ഒന്ന് മാത്രമാണ്. ബാബുരാജ് ഹാൾ, ജീവനക്കാർക്കുവേണ്ടി പ്രത്യേക താമസ സൗകര്യം എന്നിവയും എടുത്ത് പറയാവുന്ന വികസന പ്രവർത്തനങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കന്മാർ സംബന്ധിച്ച പരിപാടികൾ, പത്മശ്രീ കെ.ജെ യേശുദാസ്, കെ.എസ് ചിത്ര തുടങ്ങിയവർ അടക്കമുള്ള പിന്നണിഗായകർ പങ്കെടുത്ത നിരവധി സംഗീത പരിപാടികളും നടന്നത് ഈ കാലയളവിലാണ്. ശശി തരൂർ, വന്ദനാ ശിവ , ജയറാം രമേശ്, കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ പ്രഭാഷണ പരന്പരകൾ, ടി പത്മനാഭൻ അടക്കമുള്ള സാഹിത്യപ്രതിഭകളുടെ സാന്നിധ്യം എന്നിവ പ്രവാസികൾക്ക് പുതിയ അനുഭവമാക്കി തീർത്തതും പോയ വർഷം തന്നെയാണ്. സൂര്യ ഇന്ത്യ ഫെസ്റ്റിവൽ, സാഹിത്യ പുരസ്കാരം, ലാറി ബേക്കർ പുരസ്കാരം, നാടക പുരസ്‌കാരം തുടങ്ങി നാട്ടിലും ബഹ്‌റൈനിലുമായി നടന്ന നിരവധി പുരസ്‌കാര സമർപ്പണങ്ങളും കേരളത്തിൽ അടക്കം ശ്രദ്ധേയമായി. സമാജത്തിന്റെ എഴുപതാം വർഷത്തിൽ കേരളത്തിലെ നിർധനരായവർക്ക് സമാജത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടുകളുടെ പ്രവർത്തനങ്ങളും അതിവേഗത്തിൽ മുന്നോട്ട് നീങ്ങുന്നു. കഴിഞ്ഞ ഒരു വർ‍ഷം ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ എല്ലാ പ്രവർ‍ത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യവുമായ മുഴുവൻ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണ സമിതി വ്യക്തമാക്കി.

ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതി 2017-18 ഫിനാലെയുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന സംഗീത പരിപാടി ആസ്വദിക്കുന്നതിന് എല്ലാ സമാജം കുടുംബാംഗങ്ങളെയും സംഗീത പ്രേമികളെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. മനോഹരൻ പാവറട്ടി, കെ.സി ഫിലിപ്പ്, ദേവദാസ് കുന്നത്ത്, വിനയ ചന്ദ്രൻ നായർ, നൗഷാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed