ജിയോ എക്സിബിഷൻ 2018 ആരംഭിച്ചു
മനാമ : ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 13−ാമത് മിഡിൽ ഈസ്റ്റ് ജിയോസയൻസസ് എക്സിബിഷൻ (ജിയോ എക്സിബിഷൻ-2018) ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. “സാങ്കേതിക പരിമിതികളെ ഉദ്ദീപിപ്പിക്കുക: ഊർജ്ജ സ്രോതസുകളെ സൃഷ്ടിക്കുക” എന്നതാണ് പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ജിയോ സയൻസസ് കോൺഫറൻസ് ആന്റ് എക്സിബിഷനിന്റെ ആപ്തവാക്യം.
19 രാജ്യങ്ങളിൽ നിന്നുള്ള 100 കന്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രാദേശിക − അന്താരാഷ്ട്ര ജിയോസയൻസ് എക്സിക്യൂട്ടീവ് ഓഫീസർമാർ തുടങ്ങിയവർ എക്സിബിഷനിൽ പങ്കെടുക്കുന്നു. 1994ൽ ആരംഭിച്ചത് മുതൽ അന്താരാഷ്ട്ര ഓയിൽ ഇവന്റിന് പിന്തുണ നൽകിയ പ്രധാനമന്ത്രിക്ക് ഷെയ്ഖ് അലി ബിൻ ഖലീഫ നന്ദി പറഞ്ഞു.
എണ്ണ, പ്രകൃതി വാതകം എന്നീ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി, പ്രദർശനത്തിൽ പങ്കെടുക്കുന്ന കന്പനികളെയും സ്പോൺസർമാരെയും സന്ദർശകരെയും അഭിവാദ്യം ചെയ്തു. എണ്ണ, പ്രകൃതി വാതകം എന്നിവയുമായും എണ്ണ പര്യവേഷണം, ജിയോസയൻസസ്, മറ്റ് മേഖലകൾ എന്നിവയുമായും ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അറിയുവാനും അവതരിപ്പിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോമാണ് എക്സിബിഷനെന്നും അദ്ദേഹം പറഞ്ഞു.
ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ കാലഘട്ടത്തിൽ ബഹ്റൈൻ എണ്ണ, പ്രകൃതിവാതക മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി നേടിയതായും രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമായി എണ്ണ ഉൽപ്പാദനം മാറിയതായും പ്രധാനമന്ത്രി പറഞ്ഞു. മേഖലയ്ക്ക് പിന്തുണ നൽകുന്ന കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജിയോ 2018ന്റെ വിജയം മെഗാ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ബഹ്റൈന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

