സി­.ബി­.എസ്.ഇ പത്താം ക്ലാസ് പരീ­ക്ഷ നാ­ളെ­ ആരംഭി­ക്കും


മനാമ : സി.ബി.എസ്.ഇയ്ക്ക് കീഴിലുള്ള സ്‌കൂളുകളിൽ നാളെ മുതൽ പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുകയാണ്. ബഹ്‌റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നീന്നും 22542ഓളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂളുകൾ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്രൈവറ്റ് വിദ്യാർത്ഥികൾക്കും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇന്ത്യൻ സ്‌കൂളിലും, ബഹ്‌റൈനിലെ മറ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ന്യൂ ഇന്ത്യൻ സ്‌കൂളിലുമാണ് പരീക്ഷാ കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. ഹിന്ദി വിഷയം തിരഞ്ഞെടുത്തവർക്കാണ് ആദ്യ ദിവസത്തെ പരീക്ഷ.

ഓരോ പരീക്ഷകൾക്കും ഇടയിൽ ഇടവേളകൾ ഉണ്ടെന്നുള്ളതിനാൽ മനസ്സിരുത്തി പഠിക്കാനുള്ള സമയം വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നുള്ളത് വിദ്യാർത്ഥികൾക്ക് ആ‌ശ്വാസമാണെങ്കിലും പരിഷ്കരിച്ച രീതിയനുസരിച്ച് മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടാകുമെന്നുള്ള അറിയിപ്പ് ചില വിദ്യാർത്ഥികളിൽ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. രക്ഷിതാക്കളും അദ്ധ്യാപകരും എല്ലാം പല തരത്തിലുള്ള ടിപ്‌സുകൾ നൽകിയും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. തീർത്തും ശാന്തമായ മനസ്സോടെ സമ്മർദ്ദങ്ങളില്ലാതെ പരീക്ഷ എഴുതാനുള്ള സൗകര്യം രക്ഷിതാക്കൾ ഉണ്ടാക്കിക്കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധരും കൗൺസിലർമാരും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്.

ബഹ്‌റൈൻ സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 11 മണി വരെയാണ് പരീക്ഷ. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ 13നും അവസാനിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed