ക്ലീൻ സീസ് ക്യാന്പയിനിൽ ബഹ്റൈനും അംഗമാകുന്നു
മനാമ : സമുദ്ര മലിനീകരണം തടയുന്നതിനുവേണ്ടി 40 രാജ്യങ്ങൾ ചേർന്ന് നടത്തുന്ന ക്ലീൻ സീസ് കാന്പയിനിൽ ബഹ്റൈനും അംഗമാകുന്നു. സമുദ്രങ്ങൾ ആരോഗ്യകരവും മാലിന്യരഹിതവുമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ക്ലീൻ സീസ് കാന്പയിൻറെ പിന്തുണയോടെ, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനും സമുദ്ര മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ബോധവൽക്കരണം നടത്തുന്നതിനുമുള്ള ശ്രമങ്ങൾ രാജ്യം നടത്തും. ബീച്ച് ക്ലീൻ അപ്പ് ഡേയും മറ്റ് ഇവന്റുകളും ഉൾപ്പെടുന്ന ശുചീകരണ പ്രവർത്തനങ്ങളും നടത്തും.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പരിപാടികൾ സംഘടിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ പുനരുൽപ്പാദനം പ്രോത്സാഹിപ്പിക്കുക, കൂടാതെ സമുദ്രവിഭവങ്ങളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയും ഇതോടൊപ്പം പദ്ധതിയിടുന്നുണ്ട്. സമുദ്ര മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ബഹ്റൈൻ പങ്കുചേരുന്നതിൽ അതിശയമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി തലവൻ എറിക് സോൽഹീം പറഞ്ഞു. ക്ലീൻ സീസ് ക്യാന്പയിനെ കൂടുതൽ രാഷ്ട്രങ്ങൾ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുപ്രീം കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് ബിൻ ദൈനാ, യുഎൻ എൻവിയോൺമെൻറ് എക്സിക്യുട്ടീവ് ഡയറക്ടർ എറിക് സോൽഹീം, യു.എൻ പരിസ്ഥിതി ഡയറക്ടർ, റീജിയണൽ പ്രതിനിധിയും ഡയറക്ടറുമായ സാമി ഡിമാസി എന്നിവർ ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.
സമുദ്ര മലിനീകരണത്തിനെതിരായ പോരാട്ടത്തിൽ ഗവൺമെൻറുകൾ, സിവിൽ സൊസൈറ്റികൾ, സ്വകാര്യമേഖലകൾ, പൊതുജനങ്ങൾ തുടങ്ങിയവയെ ലക്ഷ്യമിട്ട് 2017 ഫെബ്രുവരിയിലാണ് യു.എൻ എൻവിയോൺമെൻറ് ക്ലീൻ സീസ് കാന്പയിൻ ആരംഭിച്ചത്. കാന്പയിനിൽ പങ്കുചേരുന്ന 41ആമത് രാജ്യമാണ് ബഹ്റൈൻ.

