പ്രവാസിയുടെ ആത്മഹത്യ : കൊടികുത്തിയുള്ള സമരം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊല്ലത്ത് പ്രവാസി സംരംഭകൻ സുഗതൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
കൊടി കുത്തിയുള്ള സമരത്തെ അംഗീകരിക്കാനാവില്ല. കൊടി ഓരോ പാർട്ടിയുടെയും വിലപ്പെട്ട സ്വത്താണ്. അത് എവിടെയെങ്കിലും കൊണ്ടുപോയി സ്ഥാപിക്കുന്നത് ശരിയല്ല. സുഗതന്‍റെ മരണം ദൗർഭാഗ്യകരമാണ്. പണി തടസപ്പെടുത്തിയതിനാലാണ് സുഗതൻ ജീവനൊടുക്കിയത്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. മുഴുവൻ പ്രതികളെയും പിടികൂടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു തൊഴിലാളി സംഘടനയും അംഗീകരിക്കുന്നില്ലെങ്കിലും ഇപ്പോഴും നോക്കുകൂലി അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാൻ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുഗതന്റെ മരണത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

