വൻ ഭീകരാക്രമണശ്രമം പരാജയപ്പെടുത്തി
മനാമ : ബഹ്റൈൻ ഭീകര വിരുദ്ധ സേന വൻ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി. രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള 116 പേരെ സേന അറസ്റ്റ് ചെയ്തു. ബഹ്റൈന്റെ ഉന്നത ഉദ്യോഗസ്ഥർ, സുരക്ഷാ സേനകൾ, സുപ്രധാന ഓയിൽ പദ്ധതികൾ എന്നിവയ്ക്കെതിരെ ഇവർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യ സുരക്ഷയെയും ദേശീയ സന്പദ് വ്യവസ്ഥയെയും തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) രൂപീകരിച്ചതും പിന്തുണയ്ക്കുന്നതുമായ ഒരു ഭീകരവാദ ശൃംഖലയുടെ അംഗങ്ങളാണ് അറസ്റ്റിലായ ഭീകരരെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു. അറസ്റ്റിലായ 116 പേരിൽ 48 പേർക്ക് ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽ നിന്ന് ഐ.ആർ.ജി.സിയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
രാജ്യത്തുണ്ടായ ആക്രമണങ്ങളിൽ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിന് കടത്തുന്നതിനും ഭീകരർ ഉപയോഗിക്കുന്ന സംവിധാനങ്ങളും അന്വേഷകർ കണ്ടെത്തിയിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത് ആക്രമണങ്ങളെ തടയുന്നതിന് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
സ്ഫോടക വസ്തുക്കൾ, ഓട്ടോമാറ്റിക് ആയുധങ്ങൾ, പിസ്റ്റളുകൾ, മാഗ്നെറ്റിക് ബോംബുകൾ, ഗ്രനേഡുകൾ എന്നിവയടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. കണ്ടെത്തിയ ആയുധങ്ങൾ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മൂന്നു ബോംബുകൾ ഇറാനിയൻ ഓർഡനൻസ് ഫാക്ടറികൾ നിർമ്മിച്ച PG7ന്റെ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടുന്നവയായിരുന്നു. ഇറാൻ, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിൽ ഐ.ആർ.ജി.സിയുമായി ബന്ധമുള്ള ഗ്രൂപ്പുകളുടെയും ഭീകരവാദി നേതാക്കളുടെയും പിന്തുണയും ഇവർക്ക് ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അക്വീൽ അൽ സാരി, മുർത്താദ അൽ സിന്ദി, ഖസ്സീം അൽ മുഅമൻ എന്നിവരാണ് പിടിയിലായവരിൽ പ്രധാന ഭീകരർ. തീവ്രവാദികൾക്കായി സ്ഫോടക വസ്തുക്കളും ബോംബുകളും സംഘടിപ്പിക്കുക, രഹസ്യധാരണകൾ സ്ഥാപിക്കുക, തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം നൽകുക, തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തുക എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

