ആം ആദ്മി ബഹ്റൈൻ പ്രതിഷേധിച്ചു
മനാമ: അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ ക്രൂരമായി തല്ലികൊന്ന സംഭവത്തിൽ ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ എക്സിക്യുട്ടീവ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആദിവാസികളുടെ ക്ഷേമത്തിനായി മാറ്റിവെച്ച കോടികണക്കിന് രൂപയുടെ ഫണ്ട് യഥാർത്ഥ അവകാശികൾക്കായി വിനിയോഗിക്കാതെ ദുരുപയോഗം ചെയ്യുകയാണ് മാറി മാറി വരുന്ന സർക്കാരുകളും ഉദ്യോഗസ്ഥ മേലാളന്മാരും ചെയ്യുന്നത്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകണം. ആഹാരത്തിനായി കാടിറങ്ങി വന്ന ചെറുപ്പക്കാരനെ മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലികൊല്ലുന്നതും, അത് മൊബൈലിൽ പകർത്തി രസിക്കുന്നതും പ്രബുദ്ധ കേരളത്തിന് ലജ്ജയോടെ മാത്രമേ ഓർക്കാൻ കഴിയൂ എന്നും യോഗം അഭിപ്രായപ്പെട്ടു. കൺവീനർ ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പ്രമേയം അവതരിപ്പിച്ചു. കെ.ആർ നായർ, നിസാർ കൊല്ലം, സിബിൻ സലീം, അസ്കർ പൂഴിത്തല, ഷെരീഫ് കോഴിക്കോട്, ലിജേഷ് തുടങ്ങിയവർ സംസാരിച്ചു.

