സാമൂഹ്യ പ്രവർത്തകരുടെ തണലിൽ റംല അസീസ് നാട്ടിലേയ്ക്ക്
മനാമ: പ്രവാസ ലോകത്തെത്തി തീരാദുരിതത്തിൽ അകപ്പെട്ട ഒരു മലയാളി കൂടി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരിച്ചു. കൊച്ചി പള്ളുരുത്തി സ്വദേശി റംല അസീസാണ് ഇന്ന് ഉച്ചയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസിൽ നാട്ടിലേയ്ക്ക് മടങ്ങിയത്. ഫ്രീ വിസയിൽ ബഹ്റൈനിലെത്തി വീടുകളിൽ പ്രസവ ശുശ്രൂഷ നടത്തിയും വീട്ട് ജോലികൾ ചെയ്തും കുടുംബത്തിന് അത്താണിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് പക്ഷാഘാതം അവരെ തളർത്തിയത്.
കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും വർഷങ്ങൾക്ക് മുന്പ് ഭർത്താവുമൊത്ത് കൊച്ചിയിൽ താമസമായതാണ് ഇവർ. ഭർത്താവ് 12 വർഷം മുന്പ് മരണപ്പെട്ടു. അതോടെ കുടുംബം പോറ്റാൻ റംല വീട്ട് ജോലിക്കായി ബഹ്റൈനിലേയ്ക്ക് വരികയായിരുന്നു. മകൻ പച്ചക്കറിക്കടയിൽ ജോലി ചെയ്തു വരികയാണ്. അദ്ദേഹത്തിന് വയറിലെ ഒരു മുഴ ഓപ്പറേഷൻ ചെയ്ത് നീക്കം ചെയ്തതിനെ തുടർന്ന് തുടർച്ചയായി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. ഭാര്യയും, 11, 7 വയസുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. റംലയ്ക്ക് ഇതിന് മുന്പ് ഒരസുഖം വന്നപ്പോൾ വിദേശത്ത് ജോലിക്ക് പോകാതിരിക്കാനായി മകൻ പാസ്പോർട്ട് വരെ മാറ്റി െവച്ചിരുന്നു. എങ്ങനെയെങ്കിലും സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കണം എന്ന ആഗ്രഹത്താൽ വീണ്ടും ബഹ്റൈനിലെത്തിയപ്പോഴാണ് ഈ ഗതി വന്നത്.
ജോലി ചെയ്ത വകയിൽ ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്ക് പല ആവശ്യങ്ങൾക്കും എന്ന പേരിൽ തൊഴിലുടമ തന്നെ കൈപ്പറ്റുകയും ഒടുവിൽ റംലയ്ക്കെതിരെ റൺ എവേ കേസും നൽകിയതോടെയാണ് നാട്ടിലേയ്ക്ക് പോകാനാവാതെ അസുഖ ബാധ്യതയായി ഇവർക്ക് ഒരു കുടുസ് മുറിയിൽ കഴിച്ചുകൂട്ടേണ്ടി വന്നത്. ഇതറിഞ്ഞ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരാണ് റംലയെ നാട്ടിലേയ്ക്ക് അയക്കാൻ കൂട്ടായ പ്രവർത്തനം ആരംഭിച്ചത്. അത് ലക്ഷ്യത്തിലെത്തുകയും ചെയ്തു.ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നം ഇതിനോടകം നിരവധി പേർക്ക് താങ്ങും തണലുമാകുന്നുണ്ട്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സഹജീവി സ്നേഹത്തിൽ എല്ലാം മറന്ന് മുന്നിട്ടിറങ്ങിയ സാമൂഹ്യ പ്രവർത്തകരായ ചന്ദ്രൻ തിക്കോടി അഷ്കർ പൂഴിത്തല, വിനോദ് ക്രിസ്റ്റി, സുധീർ തിരുനിലത്ത്, ബഷീർ അന്പലായി, നാസർ മഞ്ചേരി ലത്തീഫ് ആയഞ്ചേരി, അഭിഭാഷക ഓഫീസിലെ ബഷീർ എന്നിവരെയും പ്രതീക്ഷ ബഹ്റൈൻ, ഐ.സി.ആർ.എഫ്, കെ.എം.സി.സി, ബഹ്റൈൻ പ്രതിഭ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളെയും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അഭിനന്ദിച്ചു.

