ചെമ്മീൻ നിരോധനം; കടലിന്റെ മക്കൾ ഒഴിഞ്ഞ കൈകളുമായി നാട്ടിലേയ്ക്ക്
മനാമ: ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നത്തിന് നിരോധനം ഏർപ്പെടുത്തിയതോടെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന നൂറു കണക്കിന് മത്സ്യ തൊഴിലാളികൾ ഒഴിഞ്ഞ കൈകളുമായി നാട്ടിലേയ്ക്ക് മടങ്ങിത്തുടങ്ങി. സീസൺ വളരെ മോശമായിരുന്നുവെന്നാണ് മത്സ്യ തൊഴിലാളികളുടെ അഭിപ്രായം.
ചെമ്മീനിന്റെ പ്രജനന കാലഘട്ടമായതിനാലാണ് വർഷംതോറും പ്രത്യേക കാലയളവിൽ ഇവ പിടിക്കുന്നതിന് അധികൃതർ നിരോധനമേർപ്പെടുത്തുന്നത്. മാർച്ചു 1 മുതൽ ജൂലൈ 31 വരെയാണ് നിരോധനം ഉള്ളത്. നിരോധനം ഏർപ്പെടുത്തുന്നത് ഒരു മാസം കൂടി നീട്ടണമെന്ന് മത്സ്യത്തൊഴിലാളികൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രജനന കാലത്തുള്ള മീൻപിടുത്തത്തെ ദോഷം ചെയ്യുമെന്നുള്ളതിനാൽ അധികൃതർ ഈ ആവശ്യം അംഗീകരിച്ചില്ല. നിരോധനം ഒരു മാസം കൂടി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിൽ ചില തൊഴിലാളികൾ ഒരു മാസം കൂടി തങ്ങാനുള്ള പദ്ധയിലായിരുന്നു.
ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും തമിഴ്നാട്, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരാണ് പാരന്പര്യമായി ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നത്. കന്യാകുമാരി ജില്ലയിലെ മുറ്റം, കുളച്ചൽ, അഴീക്കൽ തുടങ്ങിയ ജില്ലകളിലെയും തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്നുള്ളവരുമാണ് ഇതിൽ കൂടുതലും. ഇത്തവണ സീസണിൽ കാര്യമായ സന്പാദ്യമൊന്നും ഇല്ലാതെയാണ് ഭൂരിഭാഗം പേരും മടങ്ങുന്നതെന്ന് മത്സ്യത്തൊഴിലാളിയായ ലോറൻസ് 4 പി.എം ന്യൂസിനോട് പറഞ്ഞു.
നാട്ടിലും ഇതേ തൊഴിലാണ് ചെയ്യുന്നതെങ്കിലും പ്രവാസ ലോകത്ത് എത്തി ജോലി ചെയ്യുന്പോൾ കുറച്ചു കൂടി സന്പാദിക്കാൻ കഴിയുന്നുവെന്ന വിശ്വാസത്തിലാണ് പലരും ഇവിടെ മത്സ്യബന്ധന തൊഴിലിന് വരുന്നത്. വിമാനടിക്കറ്റിനും വിസയ്ക്കുമുള്ള പണം നൽകിയാലും മുൻപൊക്കെ നല്ലൊരു സംഖ്യ മിച്ചം വരുമായിരുന്നു. എന്നാൽ അടുത്തകാലത്തായി മത്സ്യ സന്പത്ത് കുറവാണെന്നതും ബഹ്റൈനിലെ മത്സ്യബന്ധന പ്രദേശത്തിന് വെളിയിൽ ചെന്ന് മീൻ പിടിക്കുന്നത് സുരക്ഷിതമല്ലാതായതോടെയും പൊതുവെ വരുമാനം കുറഞ്ഞു. ബഹ്റൈൻ സമുദ്രമേഖലയിൽ ശക്തമാക്കിയ സുരക്ഷാ പരിശോധനയും ഇറാൻ അതിർത്തിയിൽ നിന്നുള്ള ഭീഷണിയും മത്സ്യബന്ധനത്തിൽ നിന്നുള്ള വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്.
നാടിനെ അപേക്ഷിച്ച് പൊതുവെ ശക്തമായ തിരമാലകൾ കുറഞ്ഞ പ്രദേശമായതിനാൽ മത്സ്യബന്ധനം ഇവിടെ സുരക്ഷിതമാണ്. അടുത്തകാലത്ത് നാട്ടിൽ ഉണ്ടായ ഓഖി ദുരന്തത്തെ തുടർന്ന് നാട്ടിലെ തീരപ്രദേശ മേഖല ഇപ്പോഴും ആശങ്കയുടെ വക്കിലാണുള്ളത്. തിരികെ നാട്ടിലേയ്ക്ക് പോകുന്നവർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയും കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.പലർക്കും ബോട്ടുകളും, വള്ളങ്ങളും വലയുമെല്ലാം നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ നാട്ടിലുള്ള പലർക്കും ജോലി ഇല്ലാതായിട്ടുണ്ട്.അവർക്കിടയിലേക്കാണ് ബഹ്റൈനിലെത്തിയ മത്സ്യത്തൊഴിലാളികളും വെറും കൈയ്യോടെ എത്തുന്നത്.
നൂറ് ദിനാർ പോലും മിച്ചം പിടിക്കാൻ കഴിയ്യാത്ത നിരവധി തൊഴിലാളികൾ അക്കൂട്ടത്തിലുണ്ട്. മീൻ വിൽക്കുന്നതിന്റെ 60 ശതമാനത്തോളം ഡീസൽ ഇനത്തിൽ നൽകണം, ബാക്കി വരുന്ന നാൽപ്പത് ശതമാനത്തിന്റെ പകുതി ബോട്ടുടമയ്ക്ക് നൽകണം, ഒരു ബോട്ടിൽ നാല് തൊഴിലാളികൾ എങ്കിലും കുറഞ്ഞത് ഉണ്ടാകും. അപ്പോഴത് വീതം വെയ്ക്കുന്പോൾ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് അഞ്ചോ ആറോ ദിനാർ മാത്രമാണ്. വൈകീട്ട് 4 മണിക്ക് കടലിൽ പോയാൽ പുലർച്ചെയാണ് മടക്കം. ചെമ്മീൻ പിടിക്കാൻ മാത്രം അനുവാദമുള്ള തൊഴിലാളികൾക്ക് മറ്റ് മീനുകൾ വലയിൽ കുടുങ്ങിയാലും എടുക്കാൻ കഴിയില്ല. വിസ, വിമാനടിക്കറ്റ് തുടങ്ങിയവയ്ക്കെല്ലാം വേണ്ടുന്ന ചിലവും കൂടി ആകുന്പോൾ ഒരു തൊഴിലാളിക്ക് നാമമാത്രമായ വരുമാനം മാത്രമേ ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് അടുത്ത സീസൺ ആരംഭിക്കുന്പോൾ നാട്ടിലേയ്ക്ക് പോയ പലരും തിരിച്ചുവരാൻ സാധ്യത ഇല്ലെന്നാണ് തമിഴ്നാട് സ്വദേശിയായ മത്സ്യ തൊഴിലാളികൾ പറയുന്നത്. നാട്ടിലും വരുമാനം സമാനമാണെങ്കിൽ കുടുംബത്തോടൊപ്പം കഴിയുകയെങ്കിലും ചെയ്യാമല്ലോ എന്നുള്ള കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.

