ഷുഹൈബ് വധം : സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുബൈിന്റെ വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെയും ഷുബൈിന്റെ ബന്ധുക്കളുടെയും ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ
കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമാണ്. പ്രതികൾ എത്ര ഉന്നതരായാലും അവരെ പിടിക്കാനുള്ള പ്രാപ്തി പോലീസിനുണ്ട്. സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉദിക്കുന്നതേയില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിൽ മറുപടി നൽകവേ നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു. കേസിൽ പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളെയല്ല. പിടികൂടിയ പ്രതികളെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. യു.എ.പി.എ ചുമത്തിയിട്ടും പല കേസുകളും ദുർബലമായിട്ടുണ്ട്. ഇതുകൊണ്ടാണ് ഷുഹൈബ് വധക്കേസിൽ പ്രതികൾക്കു മേൽ യു.എ.പി.എ ചുമത്താത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധത്തിനൊപ്പം മധുവിന്റെയും ലീഗ് പ്രവർത്തകൻ സഫറിന്റെയും കൊലപാതകം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ എത്തിയത്. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി ആകാശ് തില്ലങ്കേരി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പം നിൽക്കുന്ന ചിത്രം പതിച്ച പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഇതോടെ സഭ നിർത്തിവച്ചു. അല്പനേരം കഴിഞ്ഞ സഭ ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

