സോഷ്യൽ മീഡിയയിലൂടെ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; കർശന നടപടിയുമായി ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അശ്ലീല ചിത്രങ്ങൾ അയക്കുകയും ചെയ്ത പ്രതിയെ ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയോട് അപമര്യാദയായ രീതിയിലുള്ള ചിത്രങ്ങൾ ആവശ്യപ്പെടുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് അറിയിച്ചു.
ആന്റി കറപ്‌ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് സംഭവം പുറത്തുകൊണ്ടുവന്നത്. അജ്ഞാതനായ ഒരാൾ കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നതായും അശ്ലീല പ്രവർത്തനങ്ങൾക്കായി നിർബന്ധിക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ ഇന്റർനെറ്റ് വഴി കുട്ടികളെ ചൂഷണം ചെയ്യുന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇരയായ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി 'വിക്ടിം ആൻഡ് വിറ്റ്‌നസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ' ഉൾപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പ്രതിയെ വിചാരണയ്ക്ക് മുൻപുള്ള തടങ്കലിൽ പാർപ്പിക്കാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്.
സൈബർ ഇടങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനതടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാൻ ബഹ്‌റൈനിലെ നിയമസംവിധാനത്തിൽ വ്യവസ്ഥയുണ്ട്. കുട്ടികൾ ഡിജിറ്റൽ ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൃത്യമായ മേൽനോട്ടം വഹിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
asff



