കുരീപ്പുഴയ്ക്കെതിരെ ആക്രമണം: പ്രതിക്ഷേധിച്ച് പ്രവാസി സംഘടനകൾ
കലാലയം സാംസ്കാരിക വേദി
മനാമ: കോട്ടക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർ.എസ്.എസ് നടത്തിയ ആക്രമണം സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. കേരളത്തെ താറടിക്കാനും സഹിഷ്ണുത പാരന്പര്യത്തെ അവമതിക്കാനുമുള്ള ഇത്തരം അതിക്രമങ്ങളെ കേരളം ഒറ്റമനസ്സായി ചെറുത്ത് തോൽപ്പിക്കണം. സംഘപരിവാറിന്റെ ഫാസിസ്റ്റ് ഗർവിന് മുൻപിൽ തൊഴുത് നിൽക്കാൻ തയ്യാറാകാത്തവരെ മുഴുവൻ കൊന്ന് തള്ളാനും നിശ്ശബ്ദരാക്കാനുമാണ് പുറപ്പാട്. കുടിലമായ വർഗ്ഗീയതയെ ഉപാസിക്കുന്നവർക്ക് കവികളെയും എഴുത്തുകാരെയും തോൽപ്പിക്കാനാവില്ലെന്നും കലാലയം സാംസ്കാരികവേദി യോഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ ആർ.എസ്.സി നാഷണൽ ചെയർമാൻ റഹീം സഖാഫി അദ്ധ്യക്ഷത വഹിച്ചു. വി.പി.കെ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ പ്രഭാഷണം നടത്തി. അഷ്ഫാഖ് മണിയൂർ, നജ്മുദ്ദീൻ, സുനീർ നിലന്പൂർ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ അബ്ദുല്ല രണ്ടത്താണി സ്വാഗതവും അബ്ദുൽ സലാം കോട്ടയ്ക്കൽ നന്ദിയും പറഞ്ഞു.
നവകേരള സാംസ്കാരിക വേദി
മനാമ: മലയാളത്തിലെ പ്രശസ്തനായ കവി കൂരിപ്പുഴ ശ്രീകുമാറിനെതിരെ ആർ.എസ്.എസ് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെബഹ്‌റൈൻ നവകേരള സാംസ്കാരിക വേദി ശക്തിയായി പ്രതിഷേധിച്ചു. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഭീഷണിപ്പെടുത്തിയും, കൊലപ്പെടുത്തിയും നിശബ്ദമാക്കാൻ സംഘ പരിവാർ സംഘടനകൾ രാജ്യത്താകമാനം നടത്തി കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വൽക്കരണ നടപടികളുടെ ഭാഗമായുള്ള ആസൂത്രിത അക്രമമാണിതെന്നും, സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുകയും, ഫാസിസ്റ്റ് വൽക്കരണ നടപടികൾക്കെതിരെ തന്റെ കവിതകളിലൂടെ നിരന്തരം വിമർശനം നടത്തുകയും ചെയ്തിരുന്ന കൂരിപ്പുഴക്കെതിരെയുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും, വ്യക്തി സ്വാതന്ത്ര്യത്തിനും എതിരെയുള്ള ഇത്തരം കടന്ന് കയറ്റത്തെ ചെറുത്ത് തോൽപ്പിക്കുവാൻ മുഴുവൻ ജനാധ്യപത്യ ശക്തികളോടും അഭ്യർത്ഥിക്കുന്നു. അടിസ്ഥാന ജീവൽ പ്രശ്നങ്ങളിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാരിന്റെ പൊള്ളത്തരങ്ങൾ മറയ്ക്കാൻ വർഗ്ഗീയ കലാപങ്ങളും, അക്രമങ്ങളും സംഘടിപ്പിക്കാൻ ആർ.എസ്.എസ് സംഘടനകൾ രാജ്യത്താകമാനം നടപ്പാക്കുന്ന ഇത്തരം കലാപങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ പോലും അപകടപ്പെടുത്തും. ഇതിനെതിരെ കേരളത്തിലെ മുഴുവൻ ജനാധ്യപത്യ മതേതര വിശ്വാസികളും ഉണർന്ന് പ്രവർത്തിക്കണമെന്ന് ബഹ്‌റൈൻ നവകേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു മലയിൽ, പ്രസിഡണ്ട് എൻ.കെ ജയൻ എന്നിവർ പറഞ്ഞു.
ഒലീവ് സാംസ്കാരിക വേദി
മനാമ: കവി കുരിപ്പുഴ ശ്രീകുമാറിനെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിച്ചതിനെ ഒലിവ് സാംസ്‌ക്കാരിക വേദി ബഹ്‌റൈൻ ശക്തമായി അപലപിച്ചു. മോദിയുടെ ഫാസിസ്റ്റ് ഇന്ത്യയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അക്രമിക്കപ്പെടുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റുകൾക്കെതിരെ തൂലികയും നാവും ചലിപ്പിക്കുന്നവരെ വേട്ടയാടുന്ന പ്രാകൃത ഭരണ കർത്താക്കളായി വർത്തമാന ഇന്ത്യയെ ചരിത്രത്തിൽ രേഖപ്പെടുത്തും.
പൊതുസമൂഹവും നിയമ സംവിധാനങ്ങളും ഇനിയും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. എഴുത്തുകാർ ഫാസിസ്റ്റുകളാൽ അക്രമിക്കപ്പെടുന്പോൾ അക്രമികൾക്ക് കുഴലൂത്ത് പാടി കയ്യുംകെട്ടി നോക്കിനിൽക്കുന്ന നിയമപാലകർ സാംസ്‌ക്കാരിക കേരളത്തിന് അപമാനകരമാണ്. സർക്കാർ സംവിധാനങ്ങളിൽ വരെ നിഴലിച്ചു നിൽക്കുന്ന സംഘപരിവാർ താൽപര്യങ്ങളെ അറിഞ്ഞോ അറിയാതെയോ കേരള സർക്കാർ അവഗണിക്കുന്നത് കാപട്യവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.
സംഘപരിവാർ ഭീഷണികളെ അതിജീവിച്ച് ശക്തമായി മുന്നോട്ട് പോകുവാൻ എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും കലവറയില്ലാത്ത പിന്തുണയുമായി പൊതുസമൂഹം നിങ്ങൾക്കൊപ്പം ഉണ്ടെന്ന് ഒലിവ് സാംസ്‌ക്കാരിക വേദി പ്രഖ്യാപിച്ചു.



