ബീ­ച്ച് സന്ദർ­ശനത്തിന് പെ­ർ­മി­റ്റ് ഏർ­പ്പെ­ടു­ത്തി­യതി­നെ­തി­രെ­ പ്രതി­ഷേ­ധം ശക്തമാ­കു­ന്നു­


മനാമ : വൈകിട്ട് 5 മണിക്ക് ശേഷം ബുസൈറ്റീൻ ബീച്ച് സന്ദർശിക്കുന്നതിന് പെർമിറ്റുകൾ ഏർപ്പെടുത്തിയ മുഹറഖ് പോലീസ് ഡയറക്ടറേറ്റിന്റെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്ന് മുനിസിപ്പൽ കൗൺസിൽ പ്രതിനിധി യൂസിഫ് അൽ റയീസ് പറഞ്ഞു. ചിലരുടെ ദുഷ്പെരുമാറ്റങ്ങൾ കാരണം ബീച്ചിൽ എത്തുന്ന മുഴുവൻ സന്ദർശകരെയും പ്രദേശ വാസികളെയും ശിക്ഷിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ബീച്ചിൽ സമയം ചിലവഴിക്കാൻ ജനങ്ങളെ അനുവദിക്കരുതെന്ന മുഹറഖ്  പോലീസ് ഡയറക്ടറുടെ തീരുമാനത്തെ യൂസിഫ് അൽ റയീസ് എതിർത്തു. സൂര്യാസ്തമയശേഷം ബീച്ചിൽ സമയം ചിലവഴിക്കാൻ താൽപര്യപ്പെടുന്ന സന്ദർശകർക്ക് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ പോലീസിൽ നിന്ന് പെർമിറ്റ് കൈപ്പറ്റണമെന്നാണ് തീരുമാനം.

വൈകുന്നേരങ്ങളിൽ ബീച്ചിൽ മദ്യപന്മാർ എത്തുന്നതായി പോലീസ്‌ സൂചന നൽകിയെന്ന് സോഷ്യൽ ആക്ടിവിസ്റ്റും ബുസൈറ്റീൻ വാസിയുമായ ഹമദ് അൽ ഖൂജി പറഞ്ഞു. മുഹറഖ് പോലീസ് ഡയറക്ടറേറ്റ് മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ റിപ്പോർട്ട് പരിശോധിക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ പ്രതിനിധി യൂസിഫ് അൽ റയീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാനാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പോലീസിന്റെ പെട്ടെന്നുള്ള ഏകപക്ഷീയമായ തീരുമാനം ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഇത് രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഷിങ് ഹാർബറിനടുത്ത് മദ്യപിക്കുന്നവരെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് എം.പി ഹമദ് അൽ ദോസരി പറഞ്ഞു. തുറമുഖത്ത് കൂടുതൽ നിരീക്ഷണം ശക്തമാക്കണമെന്നും വെളിച്ചം ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി വൈകീട്ട് 7 മണിക്ക് ശേഷം തുറമുഖത്ത് പ്രവേശിക്കുന്ന വ്യക്തികളെ ചോദ്യം ചെയ്യണമെന്ന് തൊഴിൽ − മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ അർബൻ പ്ലാനിംഗ് മന്ത്രാലയം ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും മറ്റുള്ളവർക്ക് കർഫ്യു ഏർപ്പെടുത്തേണ്ട പ്രത്യേക സാഹചര്യങ്ങളൊന്നും ഇല്ലെന്നും മുനിസിപ്പൽ കൗൺസിൽ പ്രതിനിധി യൂസിഫ് അൽ റയീസ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed