പുതിയ നികുതികൾ ചുമത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് എം.പിമാർ
മനാമ : സാന്പത്തിക പിന്തുണാ പദ്ധതികൾ സംബന്ധിച്ച്, ഗവൺമെന്റുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ പൂർത്തിയാകുന്നത് വരെ പുതിയ നികുതികൾ ചുമത്തുന്നത് നിർത്തിവയ്ക്കണമെന്ന് എം.പിമാർ ഇന്നലെ ആവശ്യപ്പെട്ടു. എക്സിക്യുട്ടീവ് (സർക്കാർ), ലെജിസ്ലേറ്റീവ് (പാർലമന്റ് ആന്റ് ഷൂറ കൗൺസിൽ) അംഗങ്ങളുടെ യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.
അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സർക്കാർ സബ്സിഡികൾ തുടരണമെന്ന ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് യോഗം നടന്നത്.
ഡെപ്യൂട്ടി സ്പീക്കർ അലി അൽ അറാദിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ഉപപ്രധാനമന്ത്രിയും ധനകാര്യവകുപ്പ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധി സംഘവും സംബന്ധിച്ചു. രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾ നേടിയെടുക്കുന്നതിന് സഭകൾ തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരുമീറ്റിങ് വിളിച്ചുചേർത്തതെന്ന് ഡെപ്യൂട്ടി സ്പീക്കർ അലി അൽ അറാദി പറഞ്ഞു.

