ബേ​​­​​ന​​സീ​​ർ ഭൂ​​­​​ട്ടോ​​­​​യെ­ വധി­ച്ചതി­ന്റെ­ ഉത്തരവാ­ദി­ത്വം പാക്‌ താ­ലി­ബാൻ ഏറ്റെ­ടു­ത്തു­


ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ വധിച്ചതു തങ്ങളാണെന്നു താലിബാൻ (തെഹ്‌രീക്‌− ഇ− താലിബാൻ പാകിസ്ഥാൻ‍) അവകാശപ്പെട്ടു. റാവൽപ്പിണ്ടിയിൽ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കുന്പോൾ 2007 ഡിസംബർ 27നാണു ബേനസീർ കൊല്ലപ്പെട്ടത്. താലിബാനാണ് ഈ ആക്രമണത്തിനു പിന്നിലെന്നു മുൻ സൈനികമേധാവി പർവേസ് മുഷറഫ് ആരോപിച്ചെങ്കിലും ഇതുവരെ താലിബാൻ ഇത് നിഷേധിക്കുകയായിരുന്നു.

അമേരിക്കൻ പിന്തുണയോടെ ബേനസീർ അധികാരത്തിലെത്തി മുജാഹിദ്ദീനെ തകർക്കാൻ സാധ്യതയുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് അവരെ വകവരുത്താൻ തീരുമാനിച്ചതെന്ന് താലിബാൻ നേതാവ് അബു മൻസൂർ അസിം മുഫ്തി നൂർ വാലി രചിച്ച പുസ്തകത്തിൽ പറയുന്നു. ‘ഇൻക്വിലാബ് മെഹ്സൂദ് സൗത്ത് വസിറിസ്ഥാൻ−ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം’ എന്ന ഉർദു ഭാഷാ പുസ്തകത്തിലാണ് ഈ അവകാശവാദം. 2017 നവംബർ 30നാണ് അഫ്ഗാനിസ്ഥാനിലെ ബാർമലിൽ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.

അമേരിക്കയുമായി ചേർ‍ന്നു പ്രവർ‍ത്തിക്കാനുള്ള ബേനസീറിന്റെ പദ്ധതിയെപ്പറ്റി വിവരം ലഭിച്ചത് പിന്നീടു കൊല്ലപ്പെട്ട പാകിസ്ഥാനി താലിബാൻ  സ്ഥാപക നേതാവ്‌ ബെയ്‌തുള്ള മെഹ്‌സൂദിനാണെന്നു പുസ്‌തകത്തിൽ‍ പറയുന്നുണ്ട്.

ഇതാദ്യമായാണ്‌ ഏതെങ്കിലുമൊരു സംഘടന ബേനസീർ‍ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്‌. ബേനസീർ‍ വധക്കേസിൽ‍ മുഷാഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച റാവൽ‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി, അഞ്ചു പാക്‌ താലിബാൻ പ്രവർ‍ത്തകരെ കഴിഞ്ഞ ഓഗസ്‌റ്റിൽ‍ കുറ്റവിമുക്തരാക്കുകയും ചെയ്‌തു.  

ബിലാൽ‍ അഥവാ സയിദ്‌, ഇക്രമുള്ള എന്നീ രണ്ടു ചാവേറുകളാണു ബേനസീറിനെ വധിക്കാൻ‍ നിയോഗിക്കപ്പെട്ടതെന്നു പുസ്‌തകത്തിൽ‍ പറയുന്നു. ബിലാൽ‍ ആദ്യം ബേനസീറിനുനേരേ നിറയൊഴിച്ചു. വെടിയുണ്ട അവരുടെ കഴുത്തിൽ‍ കൊണ്ടതിനു പിന്നാലെ ജാക്കറ്റിൽ‍ ഒളിപ്പിച്ച ബോംബ്‌ ഉപയോഗിച്ച്‌ ബിലാൽ‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്‌തു. സ്‌ഫോടന സ്ഥലത്തുനിന്നു പരുക്കേൽ‍ക്കാതെ രക്ഷപ്പെട്ട സൗത്ത്‌ വസീറിസ്ഥാൻ സ്വദേശി ഇക്രമുള്ള ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നും പുസ്തകത്തിൽ പറയുന്നു. 588 പേജുള്ള പുസ്‌തകത്തിന്റെ പ്രസാധകർ‍ അഫ്‌ഗാനിസ്ഥാനിലെ ബാർ‍മലിലുള്ള  മസീദ്‌ കന്പ്യൂട്ടർ‍ സെന്ററാണ്‌. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed