ഗതാഗത നിയമലംഘനങ്ങൾ അപകട മരണങ്ങൾക്ക് കാരണമാകുന്നു
മനാമ : ഗതാഗത നിയമലംഘനങ്ങൾ കഴിഞ്ഞ വർഷത്തിൽ നിരവധിപേരുടെ മരണത്തിന് കാരണമായതായും ഇത്തരത്തിലുള്ള നിരവധി കേസുകൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായും പ്രത്യേക റേഡിയോ പരിപാടിയിൽ ലഫ്റ്റനന്റ് ജനറൽ ഒസാമ ബഹർ പറഞ്ഞു. 2017ൽ ബൈക്കുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ ഏഴ് പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് മീഡിയ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പരിപാടി, ദേശീയ റേഡിയോ ചാനലിലാണ് സംപ്രേക്ഷണം ചെയ്തത്.
ഗതാഗത നിയമങ്ങൾ ലംഘിച്ചതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും ഒസാമ ബഹർ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്നും ഇരുചക്ര വാഹനക്കാർ അപകടത്തിൽ ഉൾപ്പെടുന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ഇരുചക്ര വാഹന അപകടങ്ങൾ നടന്നത്. സ്വകാര്യ ബൈക്കുകൾ, ഡെലിവറി ബൈക്കുകൾ, ഡർട്ട് ബൈക്കുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
ശൈത്യകാലം ബൈക്ക് റൈഡുകൾക്ക് കൂടുതൽ അനുയോജ്യമായതിനാലാണ് ഈ മാസങ്ങളിൽ അപകടങ്ങൾ വർദ്ധിക്കാൻ കാരണം. രാജ്യത്ത് 17,000 രജിസ്റ്റർ ചെയ്ത മോട്ടോർ ബൈക്കുകളും 33,000 പേർക്ക് ലൈസൻസുമുണ്ടെന്ന് ബഹർ പറഞ്ഞു. ക്യാന്പിംഗ് സീസണിൽ ഡർട്ട് ബൈക്കുകളുടെ ഉപയോഗം വർദ്ധിക്കുമെന്നും, കുട്ടികൾ അവരുടെ പ്രായത്തിനനുസരിച്ച് ഉചിതമായ ബൈക്കുകളാണ് ഓടിക്കുന്നതെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

