സംസ്ഥാന സ്കൂൾ കലോത്സവം : രണ്ടാം ദിനത്തിൽ കോഴിക്കോട് മുന്നിൽ
തൃശ്ശൂർ : 58−ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലകൾ തമ്മിലുള്ള പോരാട്ടം കനക്കുന്നു. രണ്ടാം ദിനം പിന്നിടുന്പോൾ കോഴിക്കോട് ജില്ലയാണ് 200 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. പാലക്കാട്, എറണാകുളം ജില്ലകൾ ഒപ്പത്തിനൊപ്പമാണ്. ശക്തന്റെ തട്ടകത്തിൽ നിന്നും സ്വർണ്ണകപ്പിനായി കോഴിക്കോട്, പാലക്കാട്, എറാണാകുളം ജില്ലകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്, 200 പോയിന്റുമായി കോഴിക്കോട് ഒന്നാമതും, 196 പോയിന്റുമായി പാലക്കാടും, എറണാകുളവും രണ്ടാം സ്ഥാനത്തുമാണുള്ളത്, ആതിഥേയരായ തൃശ്ശൂർ മൂന്നാം സ്ഥാനത്താണ്. ജനപ്രിയ ഇനങ്ങളായ തിരുവാതിര, മിമിക്രി, മാർഗംകളി, കോൽക്കളി തുടങ്ങിയ മത്സരങ്ങളാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ.
231 ഇനങ്ങളിൽ 51 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. രാവിലെ വൈകിയാണ് പല വേദികളിലും മത്സരങ്ങൾ ആരംഭിച്ചത്. ഒന്നാം ദിനത്തിൽ മത്സരങ്ങൾ വൈകി അവസാനിച്ചത് കൊണ്ടാണ് രണ്ടാം ദിനത്തിൽ മത്സരങ്ങൾ വൈകിയതെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം, മികച്ച ജനപങ്കാളിത്തമാണ് കലോത്സവ നഗരിയിലുള്ളത്.
അതേസമയം കലോത്സവത്തിന് വ്യാജ അപ്പീലുകളുമായി മത്സരാർത്ഥികൾ. ബാലാവകാശ കമ്മീഷന്റെ പേരിലുള്ള വ്യാജഅപ്പീലുകളുമായാണ് മത്സരാർത്ഥികൾ എത്തിയിരിക്കുന്നത്. 10 അപ്പീലുകളാണ് ഇത്തരത്തിൽ പിടിച്ചെടുത്തിരിക്കുന്നത്. നൂറിലേറെ വ്യാജ അപ്പീലുകൾ ഇറങ്ങിയിട്ടുണ്ടെന്ന് നിഗമനം. അപ്പീൽ ഉത്തരവിൽ കമ്മീഷന്റെ വ്യാജ ഒപ്പും സീലുമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി മോഹൻ കുമാർ പറഞ്ഞു.
ഗ്രൂപ്പ് ഡാൻസ്, വട്ടപ്പാട്ട്, തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളാണ് വ്യാജ അപ്പീലുകളുമായി എത്തിയിരിക്കുന്നതെന്നാണ് ഡി.പി.ഐ പറയുന്നത്. എറണാകുളം, കോഴിക്കോട് എന്നിങ്ങനെ നാല് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. അപ്പീലുകളിൽ ഇട്ടിരിക്കുന്ന ഒപ്പും സീലും വ്യാജമാണ്. ഒപ്പിട്ടിരിക്കുന്ന രജിസ്ട്രാറും മെന്പർമാരും ഇപ്പോൾ ആ തസ്തികകളിലുള്ളവരല്ലെന്നും ഡിപിഐ പറഞ്ഞു. വ്യാജ അപ്പീലുകളുമായി കലോത്സവത്തിൽ എത്തുന്നവർക്കെതിരെയും അപ്പീലുകൾ നിർമ്മിച്ച് നൽകുന്നവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ഡി.പി.ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം ലോകായുക്തയുടെ അപ്പീലുമായി സംസ്ഥാന കലോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ലോകായുക്തയുടെ അധികാര പരിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് േസ്റ്റ. മുൻ വർഷങ്ങളിൽ ജില്ലാതല കലോത്സവങ്ങളിലെ വിധി നിർണ്ണയം ചോദ്യം ചെയ്ത് നിരവധി വിദ്യാർത്ഥികൾ ലോകായുക്തയെ സമീപിക്കാറുണ്ടായിരുന്നു. ഈ വിധി വന്ന സാഹചര്യത്തിലായിരിക്കാം ഇപ്പോൾ വ്യാജ അപ്പീലുകൾ സംസ്ഥാന കോലത്സവത്തിന്റെ നിറം കെടുത്തുന്നത്.

