ബഹ്റൈനിൽ നായ്ക്കളെ കൊന്ന സംഭവം : നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം
മനാമ : കഴിഞ്ഞ ദിവസങ്ങളിൽ ഡസൻ കണക്കിന് നായ്ക്കളെ വിഷം നൽകി കൊന്ന സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മൃഗസംരക്ഷകർ ആവശ്യപ്പെട്ടു. ടൂബ്ലിയിൽ നായ്ക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ബഹ്റൈനിലെ മൃഗസംരക്ഷണ സംഘടന സമൂഹ മാധ്യമത്തിലെ ഔദ്യോഗിക പേജിൽ ആശങ്കയറിയിച്ചിരുന്നു. തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലാൻ പ്രദേശവാസികൾ തീരുമാനിച്ചതായും, അവയെ സംരക്ഷിക്കണമെന്നും സംഘടന വ്യക്തമാക്കി.
രാജ്യത്തെ നാല് ഗവർണറേറ്റുകളിലും ഇവയുടെ എണ്ണം വർദ്ധിച്ചതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബഹ്റൈനിൽ തെരുവ് നായ് വിഷയം സംവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. മനുഷ്യർക്കും, വളർത്തുമൃഗങ്ങൾക്കും നേരെ നായ്ക്കളുടെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെയും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ടൂബ്ലിയിലെ തെരുവ് നായ്ക്കളെ പിടികൂടാനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച കൂട്ടിൽനിന്നും നായയെ അഴിച്ചുവിടാൻ ശ്രമിച്ച മൃഗസംരക്ഷകയും നായുടെ കടിയേറ്റ സ്വദേശി വനിതയും നവംബറിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് നായകൾക്ക് വിഷം നൽകുമെന്ന് യുവതി ഭീഷണി മുഴക്കിയതായി മൃഗസംരക്ഷക പോലീസിന് മൊഴി നൽകിയിരുന്നു.
ടൂബ്ലി മേഖലയിൽ വിഷബാധയേറ്റ് നായ്ക്കൾ ചത്തതായും ഇതിനുപിന്നിൽ ഇവിടുത്തെ കുറച്ച് താമസക്കാരാണെന്നും തദ്ദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്തെ നായ ശല്യത്തിനെതിരെ മുനിസിപ്പാലിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അതിനാൽ അവക്ക് വിഷം നൽകി കൊല്ലേണ്ടതില്ലെന്നും ഇവർ പറയുന്നു. മനുഷ്യത്വരഹിതമായ ഈ പ്രവർത്തി അവസാനിപ്പിക്കണമെന്നും തദ്ദേശവാസികളിൽ ഒരാൾ പറഞ്ഞു.

