ബഹിരാകാശ യാത്രികൻ ജോൺ യംഗ് അന്തരിച്ചു
വാഷിംഗ്ടൺ : ലോകപ്രശസ്ത ബഹിരാകാശ യാത്രികൻ ജോൺ യംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. നാസയാണ് അദ്ദേഹത്തിന്റെ നിര്യാണവാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നാസയുടെ ആറ് ബഹിരാകാശ പദ്ധതികളിൽ പങ്കെടുത്തിട്ടുള്ള ജോൺ യംഗ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള ബഹിരാകാശ സഞ്ചാരികളിൽ ഒന്പതാമനാണ്.
ഉപ്പിലിട്ട ബീഫ് സാൻഡ് വിച്ച് ബഹിരാകാശത്തേക്ക് കടത്തിക്കൊണ്ടു പോയതിലൂടെ യോംഗ് വാർത്തയിൽ ഇടംപിടിച്ചിരുന്നു. നാസയുടെ ജമിനി ബഹിരാകാശ പദ്ധതി, അപ്പോളോ ചന്ദ്ര പര്യവേഷണ യാത്ര എന്നിവയിൽ രണ്ട് തവണ വീതവും അദ്ദേഹം ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.
1972ൽ നടത്തിയ നാലാമത്തെ ബഹിരാകാശ യാത്രയിലാണ് ചന്ദ്രോപരിതലത്തിൽ അദ്ദേഹം ഇറങ്ങുന്നത്. ചന്ദ്രനിൽനിന്നുള്ള കല്ലിന്റെയും മണ്ണിന്റെയും മാതൃകകൾ ശേഖരിക്കുകയും ചന്ദ്രോപരിതലത്തിൽ 26 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു. അമേരിക്കൻ നാവികസേനയിൽ പൈലറ്റ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 42 വർഷം അദ്ദേഹം അമേരിക്കൻ ബഹിരാകാശ ഏജൻസിയിൽ പ്രവർത്തിച്ചു. 2004ൽ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു.

