ഫ്ളെക്സി വർക്ക് പെർമിറ്റ് സംവിധാനത്തിന് മികച്ച പ്രതികരണം
മനാമ : കഴിഞ്ഞ ജൂലൈയിൽ ബഹ്‌റൈൻ ഗവൺമെന്റ് നടപ്പിലാക്കിയ ഫ്ളെക്സി വർക്ക് പെർമിറ്റിനു ലഭിക്കുന്നത് മികച്ച പ്രതികരണം. പുതിയ സംവിധാനം നിലവിൽ വന്നതോടെ ബഹ്റൈനിൽ നിയമ വിരുദ്ധമായി ജോലിചെയ്തുകൊണ്ടിരുന്ന രണ്ടായിരത്തോളം തൊഴിലാളികളുടെ വിസ പെർമിറ്റ് നിയമവിധേയമാക്കി. തൊഴിലാളികൾക്ക് ഇപ്രകാരം നൽകിയ രണ്ടു വർഷത്തെ അനുമതിയിലൂടെ ബഹ്റൈനിൽ തുടരാനും, ഏതൊരു തൊഴിലുടമയുടെ കീഴിൽ ഇഷ്ടപ്രകാരം തൊഴിലെടുക്കാനും സാധിക്കും. എൽഎംആർഎ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി) ചീഫ് എക്സിക്യൂട്ടീവ് ഒസാമ അബ്‌സി അറിയിച്ചു.
ഏകദേശം കണക്കനുസരിച്ച് അറുപതിനായിരത്തോളം ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഫ്ളെക്സി വർക്ക് പെർമിറ്റ് സംവിധാനത്തിലൂടെ കൂടുതൽ ആളുകളുടെയും വിസ പെർമിറ്റ് നിയമവിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മുതൽ നടപ്പിലാക്കിയ ഈ സംവിധാനത്തിലൂടെ രണ്ടായിരത്തി അറുപത്തിമൂന്ന് ആളുകളുടെ വിസ പുതുക്കിയിട്ടുണ്ട്. ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല തുടക്കമാണ്. പ്രവാസികൾക്ക് ആത്മവിശ്വാസത്തോടെ നേരിട്ട് ഗവൺമെന്റിനെ സമീപിക്കാനും, തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനും ഇതിലൂടെ സാധിക്കും.
പാസ്പോർട്ട് കൈവശം ഇല്ലാത്തവരിലേക്കു കൂടി ഈ സംവിധാനം വ്യാപിപ്പി ച്ചിട്ടുണ്ട്. നിലവിലെ ഈ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ പാസ്പോർട്ടിന് ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ആളുകൾക്ക് പാസ്‌പോർട്ടിന് നേരിട്ട് എംബസ്സിയെ സമീപിക്കാവുന്നതാണ്. ഈ പദ്ധതി അനുസരിച്ച് സിത്രബ്രാഞ്ചിൽ നിന്നും ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രമാണ് തുടർനടപടികൾ സാധ്യമാവുകയുള്ളൂ. സിപി ആർ നന്പറും ഫോട്ടോയും ഉൾപ്പെടുന്ന ഈ തിരിച്ചറിയൽ കാർഡ് ഓരോ ആറുമാസവും കൂടുന്പോൾ പുതുക്കാവുന്നതാണ്. മൊബൈലിലൂടെ ലഭിക്കുന്ന സന്ദേശം അനുസരിച്ച് എമിഗ്രേഷൻ ഓഫീസിൽ നിന്നും രണ്ടുവർഷത്തേക്കുള്ള വിസ കാർഡിൽ പതിച്ചു വാങ്ങാവുന്നതാണ്. രണ്ടു വർഷത്തേക്കുള്ള ഫ്ളെക്സി വർക്ക് പെർമിറ്റിന്റെ ചിലവ് 1169 ദിനാറാണ്. കാലാവധി തീർന്ന വിസകൾക്ക് 15 ദിനാർ വീതം ഇതോടൊപ്പം അടയ്ക്കേണ്ടതാണ്.
യുഎന്നിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഈസംവിധാനത്തിലൂടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അൽ അബ്‌സി അറിയിച്ചു. ഈ സംവിധാനം മുഖേന അടുത്ത വർഷം അവസാനത്തോട് കൂടി നാൽപ്പത്തി എണ്ണായിരം വിസ ആളുകൾക്ക് നൽകാൻ സാധിക്കുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.

