ആരോഗ്യ മന്ത്രി ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം : അനർഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം. വിജിലൻസിന്‍റെ സ്പെഷൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം.
ഭർത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം മന്ത്രിയെന്ന പദവി ഉപയോഗിച്ച് കെ.കെ ശൈലജ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം. മെഡിക്കൽ റീഇന്പേഴ്‌സ്‌മെന്റിന് ഹാജരാക്കിയ ബില്ലുകളിൽ ആഹാരത്തിന്റെ ബില്ലും ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനും തുക വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. ചില ആശുപത്രികളുടെ പേരിൽ വ്യാജബില്ലും സമർപ്പിച്ചു എന്നും ആക്ഷേപം ഉയർന്നിരുന്നു.
അതേസമയം തനിക്കെതിരായ വിജിലൻസ് അന്വേഷണത്തെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ സ്വാഗതം ചെയ്തു. അന്വേഷണം നടക്കട്ടെ എന്നും സത്യം എന്നായാലും പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. ആരോപണത്തിൽ യാതൊരു സത്യവുമില്ല. തന്‍റെ കൈവശമുള്ള തെളിവുകളെല്ലാം വിജിലൻസിന് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

