2017ൽ ബഹ്‌റൈ­നിൽ റോഡ് അപകടങ്ങളിൽ കൊ­ല്ലപ്പെ­ട്ടത് 40ലേ­റെ­ പേർ


മനാമ : രാജ്യത്ത് 2017ന്റെ ആദ്യ മൂന്ന് പാദങ്ങളിലായി റോഡപകടങ്ങളിൽ 40ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങൾ റെഡ് സിഗ്നലുകൾ മറികടന്നതും, അമിത വേഗത്തിൽ വാഹനമോടിച്ചതും വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണുകളിൽ സംസാരിച്ചതുമാണ് മിക്ക അപകടങ്ങൾക്കും കാരണം.

2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 932 വാഹനാപകടങ്ങൾ നടന്നതായി ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ഈ അപകടങ്ങളിലായി 42 പേർ കൊല്ലപ്പെടുകയും 890 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 377 പേരുടെ പരിക്കുകൾ ഗുരുതരമാണ്. 2016ൽ രാജ്യത്തുണ്ടായ 1,408 അപകടങ്ങളിലായി 47 പേർ കൊല്ലപ്പെടുകയും 1,300 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിന് രാജ്യത്ത് കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയതോടൊപ്പം 2016 ഫെബ്രുവരി മുതൽ പോയിന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിരുന്നതായി ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ഷെയ്ഖ് നാസർ ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. ഗതാഗതനിയമങ്ങൾ മനപ്പൂർവ്വം ലംഘിക്കുന്ന ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed