മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി
കോപ്പൻഹേഗൻ : പ്രദർശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവിൽ കണ്ടെത്തി. കെട്ടിട നിർമാണശാലയുടെ പരിസരത്തു നിന്നുമാണ് കാലിയായ നിലയിൽ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാർക്ക് പോലീസ് അറിയിച്ചു. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയത്.
13 ലക്ഷം ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. റുസ്സോ−ബാൾട്ടിക് ബ്രാൻഡിലുള്ള വോഡ്ക കുപ്പി നിർമിച്ചിരുന്നത് മൂന്നുകിലോ സ്വർണവും അത്രതന്നെ വെള്ളിയും ഉപയോഗിച്ചാണ്.
കഫേ 33 എന്ന ബാറിൽ പ്രദർശനത്തിൽ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്. വോഡ്കയുടെ കുപ്പിയുമായി ഒരാൾ കടന്നു കളയുന്നത് ബാറിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയിരുന്നു. കണ്ടെത്തുന്പോൾ കുപ്പി കാലിയായിരുന്നു.കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് വക്താവ് അറിയിച്ചു.
അതേസമയം കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് കഫേ 33 ഉടമ ബ്രിയാൻ ഇങ്ബെർഗ് അറിയിച്ചു. കുപ്പിയിൽ നിറച്ചിരുന്ന വോഡ്കയുടെ കൂടുതൽ ശേഖരം തന്റെ പക്കലുണ്ടെന്നും അത് ഉപയോഗിച്ച് കുപ്പി വീണ്ടും നിറയ്ക്കാനും പ്രദർശനത്തിന് വെയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്രിയാൻ കൂട്ടിച്ചേർത്തു.

