ഐ.വൈ.സി.സി സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ ചാരിറ്റി വിംഗിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 20 നിർദ്ദനരായ കുട്ടികൾക്ക് പഠനാവശ്യാർത്ഥം പ്രതിമാസം സ്കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടന കർമ്മം കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് കൊയിലാണ്ടിയിൽ നിർവ്വഹിച്ചു. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കൊയിലാണ്ടി, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം സി.വി ബാലകൃഷ്ണൻ, കെ.എസ്.യു മുൻ ജില്ലാ പ്രസിഡണ്ട് വി.പി ദുൽകിഫിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീധരൻ, ഐ.വൈ.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, സെൻ്രടൽ കമ്മിറ്റി അംഗം ഫാസിൽ ടി.കെ, മനാമ ഏരിയ അംഗം സജാദ് എന്നിവർ സന്നിഹിതരായിരുന്നു. ഈ പദ്ധതി കൂടാതെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അമ്മയ്ക്കൊരു കൈ നീട്ടം പദ്ധതി, പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന അക്ഷര ദ്വീപം പദ്ധതി എന്നിവയും ഐ.വൈ.സി.സി മൂന്ന് വർഷമായി നടത്തി വരുന്നു.

