സിഗരറ്റ്, ഊർജ്ജ പാനീയ നികുതി ചുമത്തികൊണ്ടുള്ള ബിൽ പ്രതിനിധിസഭ പാസ്സാക്കി
മനാമ : സിഗരറ്റ്,മറ്റു പുകയില ഉൽപ്പന്നങ്ങൾക്കും ഊർജ്ജ പാനീയങ്ങൾക്കും നികുതി ചുമത്തികൊണ്ടുള്ള ബിൽ പ്രതിനിധിസഭ ഇന്നലെ പാസ്സാക്കി. ഇതോടെ ആദ്യവർഷം തന്നെ 58 ദശലക്ഷം ബഹ്റൈൻ ദിനാർ വരുമാനമുണ്ടാകുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പുകയില, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ ദോഷകരമായ ഉൽപ്പന്നങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കുന്നതിനും അതേ സമയം സംസ്ഥാനത്തിന്റെ വരുമാനത്തെ അവർക്ക് പ്രയോജനപ്പെടുത്താനും ഈ നികുതി വർധനയിലൂടെ സാധിക്കുമെന്ന് ധനമന്ത്രി ഷെയ്ഖ് അഹമ്മദ് പറഞ്ഞു.
പുകയില ഉൽപന്നങ്ങൾക്കും ഊർജ്ജ പാനീയങ്ങൾക്കും നികുതി വർധിപ്പിക്കാതെ അവയേക്കാൾ കൂടുതൽ ആരോഗ്യത്തിന് ഹാനികരമായ മദ്യത്തിന് നികുതി വർധിപ്പിക്കുന്നതാണ് ഉചിതമെന്ന് എംപി മൊഹമ്മദ് അൽ മാരീഫി ചൂണ്ടിക്കാട്ടി. ഫിനാൻഷ്യൽ ആന്റ് എക്കണോമിക് കമ്മിറ്റി തലവൻ അബ്ദുൾ റഹ്മാൻ ബുവാലി നികുതി വർധിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചു.


