ഇന്തോനേഷ്യൻ ഉൽപ്പന്നങ്ങളുടെ വിപണിയുമായി ഗരുഡാ സിറ്റി ബഹ്റൈനിൽ വരുന്നു
മനാമ: ഇന്തോനേഷ്യയിൽ നിന്നുള്ള ചെറുകിട--ഇടത്തരം വ്യവസായ, വാണിജ്യ ഉൽപ്പന്നങ്ങളുടെ വിപണിയുമായി ‘ഗരുഡ സിറ്റി’ ബഹ്റൈനിൽ സ്ഥാപിക്കുമെന്ന് ഇതിന്റെ സ്ഥാപകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിഡിൽ ഇൗസ്റ്റിൽ ചുവടുറപ്പിക്കാനും മേഖലയിലെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം ത്വരിതപ്പെടുത്താനുമുള്ള ഇന്തോനേഷ്യയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കഴിഞ്ഞ ദിവസം മനാമ ക്യാപിറ്റൽ ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ വ്യക്തമാക്കി.
500നും 700നും ഇടയിൽ ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് ഗരുഡ സിറ്റിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും ഇന്തോനേഷ്യയിൽ നിന്നുള്ളവയാകും. ഇൻഡോനേഷ്യൻ ഉൽപ്പന്നങ്ങളും സംസ്കാരവും ബഹ്റൈനെ പരിചയപ്പെടുത്തുകയും, ബഹ്റൈനിലും വിദേശങ്ങളിലുമുള്ളവർക്ക് ഇൻഡോനേഷ്യൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എവിടെയാണ് മാൾ സ്ഥാപിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കെ.എച്ച്.കെ ഹോൾഡിങ്ങിന്റെ നേതൃത്വത്തിലാണ് പദ്ധതി ബഹ്റൈനിലെത്തുന്നത്.
എക്സലോൺ, സ്മെക്സിൻഡോ, ശ്രാംആന്റ് മ്രാം റിസോഴ്സസ് കന്പനി എന്നിവ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നതായും വെളിപ്പെടുത്തി. സ്മെക്സിണ്ടോ ആന്റ് ഇന്ദുകും ചെയർമാൻ സംസുൽ ഹദി, ശ്രാംആന്റ് മ്രാം റിസോഴ്സസ് കന്പനി ചെയർമാൻ ശൈലേഷ് ലച്ചുഹിരാനന്ദനി, ഇൻഡോനേഷ്യൻ അംബാസിഡർ റഹാർഡ്ജോ, എക്സലൻ ഇൻഡസ്ട്രിയൽ സൊലൂഷൻ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മൻസൂർ, കെ.എച്ച്.കെ ഹോൾഡിംഗ്സ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


