മെസ്സി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതി; യു. ഷറഫലിയും സി. സത്യപാലനും പ്രതിപ്പട്ടികയിൽ
ശാരിക
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്തു. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. സ്പോൺസർക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വി. അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രധാന കണ്ടെത്തൽ.
മൂന്നുപേർക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിചേർക്കാൻ അന്വേഷണ സംഘം സർക്കാരിനെ സമീപിച്ചത്. ഇതിനുള്ള സർക്കാർ അനുമതി ലഭിച്ചതിന് പിന്നാലെയാണ് എസ്ഐടി തുടർനടപടികളിലേക്ക് കടന്നതും ഇവരെ പ്രതികളാക്കി എഫ്ഐആറിൽ ഉൾപ്പെടുത്തിയതും. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വിവരം. കേസിൽ പ്രതികളുടെ ചോദ്യം ചെയ്യലും തുടരന്വേഷണവും ഇനി നിർണായകമാകും.
അതേസമയം, ഏത് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്ന കാര്യത്തിൽ നിയമപരമായ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സാധാരണയായി അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ വിജിലൻസാണ് അന്വേഷിക്കുന്നതും വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടതും. എന്നാൽ, കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. അതിനാൽ ബന്ധപ്പെട്ട അധികാരപരിധിയിലുള്ള കോടതിയിലാണോ അതോ വിജിലൻസ് കോടതിയിലാണോ റിപ്പോർട്ട് നൽകേണ്ടതെന്ന് ചർച്ച ചെയ്യാൻ എസ്ഐടി യോഗം ചേരുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങളിൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.
eesfs


