ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന് തടവും പിഴയും; ശിക്ഷാനിയമം കടുപ്പിക്കാൻ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വംശീയമോ വിഭാഗീയമോ ആയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ബഹ്‌റൈനിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിയുടെ ശുപാർശയെത്തുടർന്ന്, ഈ ബിൽ ചൊവ്വാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്ത് വോട്ടിനിടും.

1976-ലെ ബഹ്‌റൈൻ ശിക്ഷാനിയമത്തിൽ 'ആർട്ടിക്കിൾ 172 ബിസ്' (Article 172 bis) പുതുതായി കൂട്ടിച്ചേർത്തുകൊണ്ടാണ് നിയമം കർശനമാക്കുന്നത്. സമൂഹത്തിൽ വിദ്വേഷമോ ഭിന്നിപ്പോ അശാന്തിയോ വളർത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനായി വെബ്‌സൈറ്റുകൾ നിർമ്മിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നവരെയും ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരെയുമാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈൻ തീവ്രവാദവും വിഭാഗീയതയും തടയാൻ ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് എംപിമാരായ ഡോ. അലി അൽ നുഐമി, അബ്ദുല്ല അൽ റുമൈഹി, അലി സഖർ അൽ ദോസരി, മുഹമ്മദ് സൽമാൻ അൽ അഹമ്മദ് എന്നിവർ ഈ ബിൽ അവതരിപ്പിച്ചത്.

അതേസമയം, ബില്ലിലെ അവ്യക്തമായ വ്യവസ്ഥകൾ സത്യസന്ധമായ പ്രസ്താവനകളെയും ന്യായമായ അഭിപ്രായപ്രകടനങ്ങളെയും പോലും കുറ്റകരമായി ചിത്രീകരിക്കാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യമോ യഥാർത്ഥത്തിലുള്ള നാശനഷ്ടങ്ങളോ പ്രോസിക്യൂഷൻ തെളിയിക്കേണ്ടതില്ലെന്നതാണ് ഇതിലെ പ്രധാന പോരായ്മയായി പാർലമെന്റിന്റെ നിയമ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. അശാന്തി ഉണ്ടാകാനുള്ള സാധ്യത മാത്രം മുൻനിർത്തി കേസെടുക്കാൻ സാധിക്കുന്നത്, രാഷ്ട്രീയമോ സൈനികമോ ആയ സംഭവങ്ങളുടെ വസ്തുതാപരമായ വിവരങ്ങൾ പങ്കുവെക്കുന്നവരെ പോലും നിയമക്കുരുക്കിലാക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

നിയമത്തിലെ അവ്യക്തത അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള പ്രസ്സ്, സൈബർ ക്രൈം നിയമങ്ങളുമായി ചേർത്തുവെച്ച് ഈ നിർദ്ദേശം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിലെ നിയമങ്ങൾ തന്നെ ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളെയും പൊതുസമാധാനത്തിന് ഭീഷണിയാകുന്ന പ്രവൃത്തികളെയും നേരിടാൻ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങളും ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പൊതുസമാധാനം തകർക്കുന്ന രീതിയിൽ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും 200 ബഹ്‌റൈൻ ദിനാർ പിഴയും ലഭിക്കുന്ന ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 172 നിലവിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

article-image

fsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed