ബഹ്‌റൈനിൽ വിദേശ തൊഴിലാളികളുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലേക്ക് ജോലിക്കായി എത്തുന്ന വിദേശ തൊഴിലാളികളുടെ വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതാ സർട്ടിഫിക്കറ്റുകൾ നിയമനത്തിന് മുൻപുതന്നെ കർശനമായി പരിശോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്. വ്യാജ രേഖകളിലൂടെ യോഗ്യതയില്ലാത്തവർ ജോലി നേടുന്നത് പൊതുസുരക്ഷയെ അപകടത്തിലാക്കുമെന്നും തൊഴിൽ മേഖലയിലെ സേവന നിലവാരം കുറയ്ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി ഏകകണ്ഠമായി പിന്തുണച്ച ഈ നിർദ്ദേശം ചൊവ്വാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി എത്തും.
വിദേശ ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അവരുടെ രേഖകൾ പരിശോധിക്കുന്നതിനായി തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) എന്നിവയുടെ സംയുക്ത സമിതി രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്ന് ഏജൻസികളെയും ഏകോപിപ്പിച്ച് വിവരങ്ങൾ പങ്കുവെക്കുന്നതിനും സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുമായി ഒരു കേന്ദ്രീകൃത ഡാറ്റാബേസ് നിർമ്മിക്കണമെന്നും എംപിമാരായ മുഹമ്മദ് ജനാഹി, സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്ത, ഹിഷാം അൽ അവാദി, മുനീർ സുറൂർ, ഹനാൻ ഫർദാൻ എന്നിവർ നിർദ്ദേശിച്ചു.
അതേസമയം, നിലവിലുള്ള നിയമങ്ങളും പരിശോധനാ സംവിധാനങ്ങളും ഇതിന് മതിയായതാണെന്നാണ് സർക്കാർ വകുപ്പുകളുടെ വിശദീകരണം. പ്രൊഫഷണൽ ലൈസൻസ് നിർബന്ധമുള്ള തസ്തികകളിലൊഴികെ, സ്വകാര്യ മേഖലയിലെ മറ്റ് ജോലികൾക്ക് വിദേശ തൊഴിലാളികൾ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്ന് നിലവിലെ തൊഴിൽ നിയമം നിഷ്കർഷിക്കുന്നില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. എങ്കിലും, 20 സാങ്കേതിക തൊഴിൽ മേഖലകളെ പ്രത്യേക ചട്ടങ്ങൾക്ക് കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
പ്രൊഫഷണൽ ലൈസൻസ് ആവശ്യമുള്ള ജോലികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരവും സർട്ടിഫിക്കറ്റ് പരിശോധനയും നിർബന്ധമാണെന്ന് എൽഎംആർഎയും (LMRA) വ്യക്തമാക്കി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ വിദേശ സർവകലാശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് പരിശോധിക്കുന്ന ഇലക്ട്രോണിക് സംവിധാനം നിലവിലുണ്ടെന്നും, ആവശ്യമെങ്കിൽ മറ്റ് സർക്കാർ വകുപ്പുകളെ ഇതിനായി സഹായിക്കാൻ തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.
sdfsdf


