ഇന്ദിരാഗാന്ധി രാഷ്ട്രീയത്തോട് വിമുഖത കാണിച്ച നേതാവ്: ജയറാം രമേഷ്
മനാമ രാഷ്ട്രീയ പാരന്പര്യത്തിൽ ജനിക്കുകയും, രാഷ്ട്രീയം മാത്രമുള്ള ചുറ്റുപാടിൽ വളരുകയും പിന്നീട് പ്രധാനമന്ത്രിപദം വരെ എത്തുകയും ചെയ്ത ഇന്ദിരാഗാന്ധി യഥാർത്ഥത്തിൽ രാഷ്രീയത്തോട് വിമുഖത കാട്ടിയ നേതാവായിരുന്നു എന്ന് മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവും കോൺഗ്രസ്സ് നേതാവുമായ ജയറാം രമേഷ്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ‘ഇന്ദിരാ ഗാന്ധി −പ്രകൃതിയിലെ ജീവിതം’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും ഇന്ദിരാഗാന്ധിയെ കാണുന്നത് അടിയന്തരാവസ്ഥ നടപ്പിലാക്കിയ അവരുടെ ചങ്കൂറ്റം, പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോൾ രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നിവയിലൂടെയൊക്കെയാണ്. എന്നാൽ ഇന്ദിരാഗാന്ധി എന്ന വ്യക്തി എന്തായിരുന്നു എന്ന് അവർ തന്നെ ചിന്തിച്ച വഴികളിലൂടെ നോക്കിക്കാണാനാണ് തന്റെ പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയോട് ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു ഇന്ദിരാഗാന്ധി. സദാസമയവും ചെടികളോടും പക്ഷികളോടും സല്ലപിക്കാനായിരുന്നു അവർക്കിഷ്ടം. ഭരണത്തിൽ എത്തിയപ്പോഴും അവർ പ്രകൃതിയെ സംരക്ഷിക്കുന്നതിന് പരമാവധി ശ്രദ്ധ ചെലുത്തിയിരുന്നു. 1976ൽ മുഖ്യമന്ത്രി സി.അച്യുതമേനോന് എഴുതിയ ഒരു കത്തു തന്നെ ഉദാഹരണമാണ്. കേരളത്തിലെ ഏക്കർ കണക്കിന് വരുന്ന കാടുകൾ വെട്ടിതെളിച്ചു അവിടെയെല്ലാം യൂക്കാലി മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പ്രോജക്റ്റ് നടപ്പിലാക്കാനായിരുന്നു പദ്ധതി. എന്നാൽ ഇന്ദിരാഗാന്ധി ആ പ്രൊജക്റ്റിനെ എതിർക്കുകയും ഒടുവിൽ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. അതുപോലെതന്നെ സൈലന്റ് വാലിയിലെ പല പദ്ധതികളും മാറിമാറി വരുന്ന സർക്കാരുകൾ ആവശ്യപ്പെട്ടുവെങ്കിലും മഴക്കാടുകൾ വെട്ടിനിരത്തിയുള്ള ഒരു പദ്ധതിക്കും ഇന്ദിരാഗാന്ധി അനുമതി കൊടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള താപനത്തെപ്പറ്റിയുള്ള അന്താരാഷ്‌ട്ര സമ്മേളനങ്ങളിൽ ആദ്യമായി സംബന്ധിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നുവെന്നും പ്രകൃതിക്കെതിരെയുള്ള എല്ലാ ആക്രമങ്ങളെയും ചെറുത്തുനിൽക്കാനുള്ള അന്താരാഷ്‌ട്ര പരിപാടികളിൽ അവർ സജീവമായി നിലകൊണ്ടതായും അദ്ദേഹം ഓർമ്മിച്ചു.
കേരളത്തിന്റെ പുരോഗതിക്കു വിഘാതമായി നിൽക്കുന്നത് മലയാളികൾ തന്നെ ആണെന്നും, പുഴകളും വനങ്ങളും മഴയും നൽകി അനുഗ്രഹിച്ച ഒരു സംസ്ഥാനത്തിന് ദൈവം കൊടുത്ത ശപമാണ് ഹർത്താലും ബന്ധും സമരവുമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു. എങ്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണ്. ഒക്ടോബർ, ഫെബ്രുവരി വിപ്ലവങ്ങളുടെ നൂറാം വാർഷികം റഷ്യ പോലും ആഘോഷിക്കാതിരുന്നപ്പോൾ അതാഘോഷിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഇടതു−വലതു പക്ഷത്തിന്റെ ശക്തിയും വിദ്യാഭ്യാസ പുരോഗതിയും അദ്ദേഹം എടുത്തു പറഞ്ഞു. സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സോമൻ ബേബി, ഡിസി രവി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.


