പന്നൂൻ വധഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തക്ക് 19 വർഷവും 7 മാസവും തടവുശിക്ഷ വിധിച്ച് യുഎസ് കോടതി


ശാരിക

ന്യൂയോർക്ക്: ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തക്ക് 19 വർഷവും ഏഴ് മാസവും തടവുശിക്ഷ. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ച 80 മിനിറ്റ് നീണ്ട വാദം കേൾക്കലിനൊടുവിലായിരുന്നു കോടതിയുടെ നിർണ്ണായക വിധി.

2023-ൽ ന്യൂയോർക്കിൽ വെച്ച് പന്നൂനെ വധിക്കാൻ ശ്രമിച്ച കേസിൽ വാടകക്കൊലയാളിയെ വെച്ച് കൊലപാതകത്തിന് ശ്രമിക്കൽ, കൊലപാതക ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന എന്നീ മൂന്ന് കുറ്റങ്ങൾ ഗുപ്ത നേരത്തെ സമ്മതിച്ചിരുന്നു. അമേരിക്കൻ-കനേഡിയൻ ഇരട്ട പൗരത്വമുള്ള പന്നൂനെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ഇന്ത്യൻ സർക്കാരുമായി ബന്ധമുള്ളവർക്ക് പങ്കുണ്ടെന്നാണ് യുഎസ് അഭിഭാഷകരുടെ ആരോപണം.

തന്റെ പ്രവൃത്തികളിൽ അതിയായി ഖേദിക്കുന്നതായി നിഖിൽ ഗുപ്ത കോടതിയെ അറിയിച്ചു. "2023-ലേക്ക് തിരിച്ചുപോയി തെറ്റുകൾ തിരുത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു; ഞാൻ എങ്ങനെയുള്ള മനുഷ്യനായി മാറിയെന്ന് എനിക്ക് തന്നെ തിരിച്ചറിയാനാവുന്നില്ല," എന്ന് കോടതിയിൽ സമർപ്പിച്ച കത്തിൽ അദ്ദേഹം കുറിച്ചു. 2023-ന്റെ തുടക്കത്തിൽ കുടുംബപ്രശ്നങ്ങൾ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും അമിതമായി മദ്യപിച്ചിരുന്നെന്നും ഗുപ്ത വിശദീകരിച്ചു. തന്റെ പ്രവൃത്തികൾ കുടുംബത്തിനുണ്ടാക്കിയ വേദനയിൽ ദുഃഖമുണ്ടെന്നും ആർക്കും ജീവഹാനി സംഭവിക്കാത്തതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ മറ്റൊരു പ്രതിയായ വികാഷ് യാദവിന്റെ നിർദേശപ്രകാരമാണ് വധശ്രമത്തിന് കളമൊരുങ്ങിയതെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വാടകക്കൊലയാളിയെ തേടി ഗുപ്ത ആദ്യം സമീപിച്ചത് അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (DEA) രഹസ്യ വിവരദാതാവിനെയായിരുന്നു. ഇയാളാണ് ഗുപ്തയെ ഡിഇഎയുടെ രഹസ്യ ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിക്കൊടുത്തത്.

പന്നൂനെ വധിക്കാൻ ഒരു ലക്ഷം ഡോളറായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇതിന്റെ അഡ്വാൻസായി 2023 ജൂൺ 9-ന് 15,000 ഡോളർ പണമായി കൈമാറിയതോടെയാണ് ഗൂഢാലോചനയുടെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചത്. പണം കൈപ്പറ്റിയത് ഡിഇഎ ഉദ്യോഗസ്ഥനായതിനാൽ ഗുപ്തയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താനും സാധിച്ചു. കേസിൽ വികാഷ് യാദവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

article-image

sdfsdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed