ബ്രേവ് ഇന്റർനാഷണൽ വാരാചരണം; സ്കൂളുകളിൽ ബോധവൽക്കരണം സംഘടിപ്പിച്ചു

മനാമ: നവംബർ 12 മുതൽ 19 വരെ ബഹ്റെനിൽ വെച്ച് നടക്കുന്ന ബ്രെവ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്രേവ് ഇന്റർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ മിക്സഡ് മാർഷൽ ആർട്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കായിക വിനോദങ്ങൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായുള്ള മാറ്റങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടേണ്ടുന്ന ആവശ്യകതകളെപ്പറ്റിയും മിക്സഡ് മാർഷൽ ഫെഡറേഷൻ ഭാരവാഹികൾ ക്ലാസെടുത്തു. സ്വയം പ്രതിരോധം, എടുക്കേണ്ട മുൻ കരുതലുകൾ, മിക്സഡ് മാർഷൽ അപകടരഹിതമായ രീതിയിൽ കൈകാര്യം ചെയ്യുന്ന വിധം തുടങ്ങി ഈ കലയെക്കുറിച്ചുള്ള വിപുലമായ വിശദീകരണങ്ങളും നടത്തി. വുമൺസ് സെൽഫ് ഡിഫൻസ് അക്കാദമി പ്രതിനിധി മറിയം സിടൗണി, ബ്രേവ് ഇന്റർനാഷണൽ ചീഫ് ക്രിയേറ്റിവ് ഓഫീസർ ഹരി ഭഗീരധ്, ബ്രേവ് കോംബാറ്റ് മാർക്കറ്റിംഗ് ഡയറക്ടർ അഭിലാഷ് വിജയ് തുടങ്ങിയവരും ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ചു. ബഹ്റൈനിൽ ആദ്യമായാണ് ഇത്രയും വിപുലമായ ഒരു ചാന്പ്യൻഷിപ്പ് നടക്കുന്നത്. 42 രാജ്യങ്ങളിൽ നിന്നുള്ള വിവിധ അത്‌ലറ്റുകൾ ചാന്പ്യൻഷിപ്പിൽ സംബന്ധിക്കും. ഇത്തവണ 42ഓളം വനിതാ താരങ്ങളും ഈ ചാന്പ്യൻഷിപ്പിൽ സംബന്ധിക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.