സ്വി­മ്മിംഗ് പൂ­ളു­കളിൽ സു­രക്ഷാ­ ജീ­വനക്കാ­രി­ല്ല : അപകടങ്ങൾ പതി­വാ­കു­ന്നു­


രാജീവ് വെള്ളിക്കോത്ത്

മനാമ : സ്വിമ്മിംഗ് പൂൾ ഒരുക്കുന്നവർ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്നു പേരാണ് സ്വിമ്മിംഗ് പൂളുകളിൽ വീണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിൽ വ്യത്യസ്തമായ സ്വിമ്മിംഗ് പൂൾ അപകടങ്ങളിൽ രണ്ടു ബഹ്‌റൈനി കുട്ടികൾ മരിച്ചിരുന്നു. അവസാനമായി ആഗസ്റ്റ് 4 ന് തമിഴ്നാട് സ്വദേശിയും ഒരു പാർട്ടിക്കിടയിൽ സ്വിമ്മിംഗ് പൂളിൽ വീണു മരിക്കുകയുണ്ടായി. 

വേനൽക്കാലത്തെ കടുത്ത ചൂടിൽ പല സംഘങ്ങളും അവധി ദിവസങ്ങളിൽ സ്വിമ്മിംഗ് പൂൾ പാർട്ടികൾ നടത്തുന്നത് പതിവാണ്. സീസൺ ഉപയോഗപ്പെടുത്തി ചെറുതും വലുതുമായ നിരവധി ഹോട്ടലുകളും പാർട്ടി ഹാളുകളും സ്വിമ്മിംഗ് പൂൾ സൗകര്യം ഒരുക്കാറുണ്ട്. ഇവിടങ്ങളിൽ കൂടുതലും ബാച്ചിലർ നിശാ പാർട്ടികളും നടത്തി വരുന്നുണ്ട്. സ്വിമ്മിംഗ് പൂളുകൾ ഒരുക്കുന്നവർ പാർട്ടി നടത്തുന്ന അവസരങ്ങളിൽ മതിയായ സുരക്ഷ ഒരുക്കാത്തതാണ് പലപ്പോഴും അത്യാഹിതങ്ങൾക്ക് കാരണമാകുന്നത്.ഇത്തരം സ്ഥാപനങ്ങൾ എല്ലാം തന്നെ ദിവസ വാടകയ്ക്കാണ് നൽകുന്നത്. പൂളുകൾ ആൺ പെൺ വ്യത്യാസമില്ലാതെ വാടകയ്ക്ക് നൽകുന്നതുകൊണ്ട് തന്നെ ഇവിടെ സുരക്ഷാ കാമറ വെയ്ക്കാനാവില്ലെന്നതാണ്  മറ്റൊരു പ്രശ്നം. എന്നാൽ പൂളുകളിൽ നിർബന്ധമായും പരിചയ സന്പന്നരായ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാൻ ആരും മിനക്കെടുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. കുട്ടികൾ അടക്കമുള്ള നിരവധി പേർ നീന്താനും പാർട്ടികൾക്കുമായി എത്തുന്പോൾ വാടക വസൂലാക്കുന്ന സ്ഥാപനങ്ങൾ സുരക്ഷാ ജീവനക്കാരെ കൂടി നിയമിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ചില ഹോട്ടലുകളിൽ ഫീസ് ഈടാക്കി പരിശീലകരുടെ അസാന്നിദ്ധ്യത്തിൽ‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെ വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം സ്വിമ്മിംഗ് പൂളുകളിൽ‍ പ്രവേശനം നൽകുന്നുണ്ടെന്നും വിവരമുണ്ട്.

അതിനിടെ ബഹ്‌റൈനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ഹോട്ടലുകളിൽ പ്രവർത്തിക്കുന്നതുമായ എല്ലാ സ്വിമ്മിംഗ് പൂളുകളിലും കൃത്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കാൻ അധികൃതർ നിർദ്ദേശിച്ചു കഴിഞ്ഞു. രണ്ടു കുട്ടികൾ പൂളിൽ വീണു മരിച്ച സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ കൺസൾട്ടിന്റെ സഹകരണത്തോടെ പുതിയ സുരക്ഷാ മാനദണ്ധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

റോയൽ ലൈഫ് സേവിംഗ് സൊസൈറ്റി പ്രത്യേക താൽപര്യമെടുത്തു നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ സ്വിമ്മിംഗ് പൂളുകൾ ഏജൻസി വിലയിരുത്തി. നോർത്തേൺ മുനിസിപ്പൽ കൗൺസിലിന്റെ പിന്തുണയോടെയാണ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്. സ്വിമ്മിംഗ് പൂൾ സുരക്ഷയെപ്പറ്റി പഠിക്കാൻ നിശ്ചയിച്ച ഓസ്‌ട്രേലിയൻ കൺസൾട്ടൻ്റ് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അലി അൽ ഷുവൈക്ക് പറഞ്ഞത്. വീടുകളിലും പൂന്തോട്ടങ്ങളിലും മറ്റും സ്വിമ്മിംഗ് പൂൾ നൽകുന്നതിനുള്ള മാനദണ്ധങ്ങൾ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കടുത്ത ചൂടുണ്ടാകുന്ന എല്ലാ വേനൽക്കാലങ്ങളിലും കുടുംബങ്ങളും കൂടായ്മകളും സ്വകാര്യ പൂളുകളെ ആശ്രയിക്കുന്നതും സാധാരണമാണെങ്കിലും അത്യാഹിതങ്ങൾ ഇല്ലാതെ നോക്കേണ്ടതും പൂളുകളിൽ സുരക്ഷ ഒരുക്കേണ്ടതും പൂൾ വാടകയ്ക്ക് നൽകുന്നവരുടെ ചുമതലയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed