വെനസ്വേലയെ തകർത്ത് ഇരട്ട ഭൂചലനം; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാതായി
ഷീബ വിജയൻ
വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 235 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. തകർന്നുവീണ നൂറുകണക്കിന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുനൂറിലധികം ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. പതിനായിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ 1,500-ൽ അധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും വലിയ തോതിൽ ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര ദുരന്ത നിവാരണ വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ മാത്രം ഇടവേളയിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ വെനസ്വേലയെ പിടിച്ചുകുലുക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയുണ്ടായ ഏറ്റവും ഭീകരമായ ഭൂകമ്പമാണിത്. ഇരുനൂറിലേറെ ബഹുനില മന്ദിരങ്ങളും കൂറ്റൻ ഹോട്ടലുകളുമാണ് പൂർണ്ണമായും നിലംപതിച്ചത്. തലസ്ഥാനമായ കാരക്കസിന്റെ വടക്കുള്ള തീരദേശ മേഖലയായ ലാ ഗൈറയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടുത്തെ വിമാനത്താവളം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. തകർന്ന കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ജീവനോടെ പുറത്തെടുക്കാനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക വെനസ്വേലയ്ക്ക് 150 മില്യൺ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളും സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്.
adsadsswa

